പൂനെയിൽ വാഹനാപകടത്തിൽ മലയാളി ഡോക്ടർക്ക് ദാരുണാന്ത്യം
യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപൻ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളാണ് മരിച്ചത്
പൂനൈ: പൂനെയിൽ വാഹനാപകടത്തിൽ മലയാളി ഡോക്ടർ മരിച്ചു. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപൻ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകൾ ഡോ. ജെയ്ഷ (27) ആണ് മരിച്ചത്. മാളിയേക്കൽ റിമിൻ ആർ. കുര്യാക്കോസിന്റെ ഭാര്യയാണ്. പിംപ്രിയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഉച്ചഭക്ഷണത്തിനുശേഷം ക്ലിനിക്കിലേക്ക് പോവുകയായിരുന്ന ഡോ: ജെയ്ഷ സഞ്ചരിച്ച സ്കൂട്ടറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച ട്രക്ക് നിർത്താതെ പോയി.
മംഗളൂരു ചിറയിൽ ജോൺ തോമസിന്റെയും ഉഷ ജോണിന്റെയും മകളാണ് ജെയ്ഷ. സഹോദരൻ ജെയ്. മൃതദേഹം പൂനെയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം മംഗളൂരുവിലേക്കെത്തിച്ചു. വീട്ടിലെ അന്ത്യശുശ്രൂഷകൾക്കുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് മംഗളൂരു ജേപ്പു സെയ്ന്റ് ആന്റണീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും.

