നാദാപുരത്തെ ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് പീഡനം; രണ്ടുപേർ അറസ്റ്റിൽ
ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറിയത്
നാദാപുരം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ നാദാപുരത്തിന് സമീപം അരൂരിൽ ഭിന്ന ശേഷിക്കാരിയായ യുവതിയെയാണ് പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ചത്. രാജൻ, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
വെളളിയാഴ്ച രാവിലെ ഭർത്താവ് പുറത്തു പോയ സമയത്ത് അരൂരിലെ വീട്ടിലെത്തിയ രാജൻ യുവതിയെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. തിരികെയെത്തിയ ഭർത്താവിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കളേയും അയൽ വാസികളേയും ഉടൻ വിവരമറിയിച്ചെങ്കിലും ഭർത്താവ് സംസാര ശേഷി ഇല്ലാത്ത ആളായതിനാൽ ഇവർക്ക് ആളെ തിരിച്ചറിയാനായില്ല.
പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും തുടർന്നുളള വൈദ്യ പരിശോധന യിലും പീഡനം നടന്നതായി വ്യക്തമായി. തുടർന്ന് രാജനേയും രതീഷിനേയും ഇന്നലെ അറസ്റ്റ് ചെയ്തു. കൂലിവേലക്കാരായ രാജനും രതീഷും പുറമേരി പഞ്ചായത്തിലെ അരൂർ സ്വദേശികളാണ്.

