പൊതു മരാമത്ത് കീഴിലുള്ള റോഡുകളുടെ പ്രവർത്തി പരിശോധന നടത്തി
മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന കോഴിക്കോട് ജില്ലയിൽ തുടങ്ങി. ബുധൻ ഉച്ചക്കുശേഷം തുടങ്ങിയ പരിശോധനയിൽ വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ 15 റോഡുകളിലായി 60 കിലോമീറ്റർ പരിശോധിച്ചു. ആർ ബി ഡി സി കെ എം ഡി സുഹാസിന്റെ നേതൃത്വ ത്തിലുള്ള പരിശോധന തുടരും.
:കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, തിരുവമ്പാടി, കുന്നമംഗലം, കൊടുവള്ളി, ബേപ്പൂർ, കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തൂർ എന്നിവിടങ്ങളിലെ പരിശോധന പൂർത്തിയാക്കി 30ന് റിപ്പോർട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് സമർപ്പിക്കും.
:::ജില്ലാ അതിർത്തിയായ മാഹി റെയിൽവെ സ്റ്റേഷൻ റോഡ്, പെരിങ്ങത്തൂർ പാലം റോഡ്, വില്യാപ്പളളി-എടച്ചേരി–ഇരിങ്ങണ്ണൂർ, മലോൽമുക്ക്-കൂട്ടങ്ങാരം, ഓർക്കാട്ടേരി -കുഞ്ഞിപ്പള്ളി, കുറ്റ്യാടി- ഉള്ള്യേരി, കച്ചേരി- വെള്ളൂർ- കോട്ടേമ്പ്രം തുടങ്ങിയ റോഡുകളാണ് പരിശോധിച്ചത്. ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തികളുടെയും പുരോഗതി വിലയിരുത്തുന്നുണ്ട്.
ജില്ലയിൽ 100 കിലോ മീറ്ററിലധികം ദൂരപരിധികളിൽ ഓരോ പ്രവൃത്തിയുടെയും മെഷർമെന്റ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും. സൂപ്രണ്ടിങ് എൻജിനിയർ വിശ്വപ്രകാശ്, എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ ഹാഷിം, വിമല എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്താകെ പരിശോധന. ഒരുവർഷത്തേക്കാണ് റണ്ണിങ് കോൺട്രാക്ട് നൽകിയത്. ഈ കാലാവധിയിൽ അറ്റകുറ്റപ്പണിയും കരാറുകാർ ചെയ്യണം. ഇതാണ് പരിശോധിക്കുന്നത്

