പയ്യോളിയിൽ മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ ഉടമ മറന്നുവെച്ച 5 ലക്ഷവുമായി ഡ്രൈവർ മുങ്ങി
അസം സ്വദേശി മുക്സിദുൽ ഇസ്ലാം ആണ് പണവുമായി മുങ്ങിയത്
പയ്യോളി: പുതിയ മണ്ണുമാന്തി യന്ത്രം വാങ്ങുന്നതിനായി ഉടമ ക്യാബിനുള്ളിൽ മറന്നുവെച്ച 5 ലക്ഷം രൂപയുടെ കെട്ടുമായി യന്ത്രത്തിന്റെ ഓപ്പറേറ്റർ മുങ്ങി. ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി മുക്സിദുൽ ഇസ്ലാം ആണ് പണവുമായി മുങ്ങിയത്. കെട്ടിട നിർമ്മാണ ആവശ്യ ങ്ങൾക്കായി ഉപയോഗിക്കുന്ന എം സാൻഡ് മണൽ വ്യാപാരം നടത്തുന്ന തൊഴിലാളിയായ കീഴരിയൂർ കാരയിൽ നാസറിന്റെ പണവുമായാണ് ഓപ്പറേറ്റർ മുങ്ങിയത്.
ഞായറാഴ്ച രാവിലെ 5:30 മണിയോടെ കീഴരിയൂരിൽ നിന്ന് ഡ്രൈവർ മുക്സിദുമായാണ് നാസർ ദേശീയപാതയോരത്തെ പയ്യോളി ടൗണിൽ രണ്ടാം ഗേറ്റിനു സമീപമുള്ള മണൽ യാർഡിൽ ജോലിക്ക് എത്തിയത്. ഇതിനിടയിൽ പുതിയ യന്ത്രം വാങ്ങുന്നതിനായി കൊണ്ടു വന്ന അഞ്ചുലക്ഷം രൂപ യാർഡിലുള്ള യന്ത്രത്തിന്റെ ക്യാബിനിൽ തൽക്കാലം സൂക്ഷിച്ചതായിരുന്നു. എന്നാൽ ധൃതിപ്പെട്ട് തിരികെ പോരേണ്ടി വന്നതിനിടയിൽ ഉടമ നാസറിനോട് പണം സൂക്ഷിച്ച കാര്യം മറന്നു പോയി. പിന്നീട് രണ്ട് മണിക്കൂർ കഴിഞ്ഞ് രാവിലെ ഏഴര മണിയോടെ തിരിച്ചെത്തി യപ്പോഴാണ് ഓപ്പറേറ്ററെയും മറന്നുവെച്ച പണവും കാണാതായ വിവരം മനസ്സിലാക്കുന്നത്.
പിന്നീട് ഓപ്പറേറ്ററെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തൃശ്ശൂരിൽ ഉണ്ടെന്നും കൈവശമുള്ള പണം തിരികെ നൽകാമെന്നും പറഞ്ഞെങ്കിലും അവിടെ യെത്തിയപ്പോൾ ഇയാളെ കാണാനില്ലായിരുന്നു. വീണ്ടും ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയ നിലയിൽ ആയിരുന്നു.സ്ഥിരം ഡ്രൈവർക്ക് പകരക്കാരനായി പത്ത് ദിവസം മുമ്പാണ് പ്രതി ജോലിക്ക് എത്തിയത്. പ്രതിക്കായി മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി യതായി പയ്യോളി പോലീസ് പറഞ്ഞു.

