ഒഞ്ചിയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ വനം വകുപ്പ് അധികൃതർ വെടിവെച്ച് കൊന്നു
ശനിയാഴ്ച രാവിലെയോടെയാണ് പന്നിയെ കിണറ്റിൽ വീണനിലയിൽ കണ്ടെത്തിയത്

ഒഞ്ചിയം: കിണറ്റിൽ വീണ കാട്ടുപന്നിയെ വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കുന്നുമ്മക്കര ചെറുവാട്ട് പത്മജയുടെ വീട്ടുകിണറ്റിൽ വീണ കാട്ടുപന്നിയെയാണ് വെടിവെച്ച് കൊന്നത്.
ശനിയാഴ്ച രാവിലെ കിണറ്റിൽ നിന്നും ശബ്ദം കേട്ട വീട്ടുകാരാണ് കാട്ടുപന്നിയെ കിണറിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ അഗ്നി ശമന സേനയെ വിവരമറിയിച്ചു. തുടർന്ന് അഗ്നിശമന സേനയുടെ നിർദ്ദേശ പ്രകാരം വനം വകുപ്പ് അധികൃതർ വിവരമറിയിക്കുകയായിരുന്നു.
കുറ്റ്യാടിയിൽ നിന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ പന്നിയെ വെടിവെച്ചത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ചു.