'പുതുലഹരിക്ക് ഒരു വോട്ട്' - ജില്ലയിലെ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ വോട്ടിങ് പുരോഗമിക്കുന്നു
ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാൻ്റെയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെയാണ് പദ്ധതി നടത്തുന്നത്.

കോഴിക്കോട്: ജീവിതത്തിലെ ആരോഗ്യകരമായ മേഖലകളെ പുതുലഹരിയാക്കാൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ഒരുങ്ങി. ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാൻ്റെയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ നടത്തുന്ന ലഹരി അവബോധ പദ്ധതിയായ 'പുതുലഹരിയിലേക്കി'ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പുതുലഹരിക്ക് ഒരു വോട്ട്' ജനകീയ വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുണ്ടുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു.
ശരീരത്തിനും മനസ്സിനും ഒരുപോലെ ഹാനികരമായ ലഹരി പദാർത്ഥങ്ങൾ വെടിഞ്ഞ് മാനസിക ഉല്ലാസം നൽകുന്ന ജീവിതത്തിലെ ആരോഗ്യകരമായ മറ്റു മേഖലകളെ ലഹരിയാക്കൂ എന്ന ആശയമാണ് ‘പുതുലഹരിയിലേക്ക്’ എന്ന പദ്ധതിയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. വോട്ടവകാശം നേടാനിരിക്കുന്ന വിദ്യാർത്ഥികളിലേക്ക് ജനാധിപത്യ സംവിധാനത്തെയും ഇലക്ഷൻ പ്രക്രിയയും പരിചയപ്പെടുത്തുന്നതിനും ലഹരി വിരുദ്ധ സന്ദേശം കൂടുതൽ ലളിതവും ക്രിയാത്മകവുമായി എത്തിക്കാനും പദ്ധതിയിലൂടെ സാധിക്കും.
വിദ്യാർത്ഥികളിലേക്ക് എത്തുന്ന ബാലറ്റ് പേപ്പറിൽ യാത്രയും, ഭക്ഷണവും, സംഗീതവും, വായനയും, സാമൂഹിക സേവനവും, സിനിമയും, കായികവും,സൗഹൃദവും, കലാ സംസ്കാരികതയും സ്ഥാനാർത്ഥി ഇനങ്ങളായി എത്തും. ഇതിൽ നിന്ന് വിദ്യാർത്ഥികൾ ലഹരിയാക്കിയതിന് വോട്ട് രേഖപ്പെടുത്തും. വോട്ടെടുപ്പ് ഫലം സ്കൂൾ തലങ്ങളിലും തുടർന്ന് ജില്ലാ തലത്തിലുമായി പ്രഖ്യാപിക്കും. വോട്ടെടുപ്പ് ഒക്ടോബർ 17, 19 തിയ്യതികളിലായി പൂർത്തിയാക്കും. ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, പ്രൈവറ്റ്, എയ്ഡഡ് - അൺ എയ്ഡഡ് തുടങ്ങി എല്ലാ വിഭാഗം ഹയർ സെക്കൻഡറി വിദ്യാലയങ്ങളെയും അണിനിരത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ ജില്ലയിലെ ഇരുന്നൂറോളം വരുന്ന ഹയർ സെക്കൻഡറി സ്ഥാപനങ്ങളിലായി ഒരു ലക്ഷത്തിൽ പരം വിദ്യാർത്ഥികൾ വോട്ടെടുപ്പിന്റെ ഭാഗമാകും.
പൂർണ്ണമായും ജനാധിപത്യ സ്വഭാവത്തിൽ ഇലക്ഷൻ പ്രക്രിയയിൽ ഭിന്നശേഷി സൗഹൃദവും, ഹരിത ചട്ടങ്ങൾ പാലിച്ചു കൊണ്ടുമാണ് വോട്ടെടുപ്പ് നടത്തുക. സബ് കലക്ടർ, അസിസ്റ്റന്റ് കലക്ടർ, എ.ഡി.എം, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, തദ്ദേശസ്ഥാപന മേധാവികൾ തുടങ്ങി ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ നിരീക്ഷകരായി എത്തും.
വോട്ടെടുപ്പ് ദിവസം സ്കൂളുകളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്യും. പ്രതിജ്ഞയെ തുടർന്ന്, സ്വയം ലഹരി ഉപയോഗിക്കാതിരിക്കുകയും ലഹരിക്കെതിരെ നിലക്കൊള്ളുകയും അവയ്ക്കെതിരെ പ്രചാരണം നടത്തുകയും ലഹരി ഉപയോഗം കണ്ടാൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നവർ എന്ന നിലക്ക് വിദ്യാർത്ഥികളെ 'ലഹരി വിരുദ്ധ അംബാസഡർ' മാരായി പ്രഖ്യാപിക്കും.
വോട്ടെടുപ്പോടനുബന്ധിച്ച് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് വിദ്യാലയങ്ങൾ ആസൂത്രണം ചെയ്യുന്നത്. കലാവതരണങ്ങൾ, രചനാ മത്സരങ്ങൾ തുടങ്ങി വിവിധയിനം മത്സരങ്ങളാണ് ഒരുക്കുന്നത്. രചനാ മത്സരങ്ങളിൽ നിന്ന് മികച്ച എൻട്രികൾ ക്രോഡീകരിച്ച് ജില്ലാ തലത്തിൽ മാഗസിൻ ആയി പ്രസിദ്ധീകരിക്കും.
വോട്ടെടുപ്പിന്റെ സംഘാടനത്തിനായി ഓരോ വിദ്യാലയങ്ങളിലും അധ്യാപകർക്ക് ചുമതല നൽകി പ്രിസൈഡിങ്ങ് - പോളിങ്ങ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. വിദ്യാർത്ഥി അനുപാതം കണക്കിലെടുത്ത് ഒന്നിലധികം ബൂത്തുകൾ ക്രമീകരിക്കും. പരിപാടിയുടെ സംഘാടനം സംബന്ധിച്ച പ്രധാന അധ്യാപകരുടെയും പ്രിസൈഡിങ്ങ് ഓഫീസർ ചുമതലയുള്ള അധ്യാപകരുടെയും യോഗങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കി. വോട്ടിങ്ങിനായി കേന്ദ്രങ്ങൾ സജ്ജമാണെന്ന് ജില്ലാ തല കോർഡിനേറ്റർ അറിയിച്ചു.
കഴിഞ്ഞ മാസങ്ങളിൽ ജില്ലയിലെ കോളേജുകളിൽ വിജയകരമായി പൂർത്തിയാക്കിയ വോട്ടെടുപ്പിന്റെ രണ്ടാം പതിപ്പാണിത്. മികച്ച സ്വീകാര്യതയാണ് ആദ്യ ഘട്ട വോട്ടെടുപ്പിന് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചത്. വോട്ടെടുപ്പിന്റെ ജില്ലാതല ഫലപ്രഖ്യാപനം ഒക്ടോബർ 20 ന് ഓൺലൈനായി നിർവഹിക്കും.