സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി വാഹനം കവർന്ന കേസിൽ അഞ്ചുപേർ അറസ്റ്റിൽ
കഴിഞ്ഞ ചൊവ്വാഴ്ച എരഞ്ഞിപ്പാലത്ത് ആയിരുന്നു സംഭവം

നടക്കാവ്: പട്ടാപ്പകൽ സ്കൂട്ടർ യാത്രികനെ തടഞ്ഞ് ഭീഷണിപ്പെടുത്തി സ്കൂട്ടറും പണമടങ്ങിയ പഴ്സും സ്മാർട്ട് വാച്ചും കവർന്ന സംഭവത്തിൽ കാപ്പ കേസിൽ ഉൾപ്പെട്ട പ്രതിയടക്കം അഞ്ചു യുവാക്കൾ അറസ്റ്റിൽ. കുന്ദമംഗലം ആനപ്പാറ എടവലത്ത്പടി മുരളി (26), എരഞ്ഞിപ്പാലം ഒതേന സജിൻ (23)നെല്ലിക്കോട് കാട്ടുകുളങ്ങര ശ്രീപാദം വീട്ടിൽ സാഗേഷ് (30), മലാപ്പറമ്പ് പാലൂന്നിയിൽ അക്ഷയ് (24), പൂവാട്ടുപറമ്പ് കൈതമലതാഴെ ബിലാൽ ബക്കർ (28), എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 11ന് ഉച്ച 1. 30ന് എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന് സമീപമുള്ള കനാൽ റോഡിൽ വച്ചായിരുന്നു സംഭവം. സ്കൂട്ടറിൽ വന്ന ചേളന്നൂർ സ്വദേശി ഗോകുലിനെ തടഞ്ഞു നിർത്തിയാണ് ആറംഗസംഘം കെ.എൽ 11 ബി. എൽ 8563 നമ്പർ സ്കൂട്ടർ ഉൾപ്പെടെയുള്ളവ കവർന്നത്. സംഭവം സംബന്ധിച്ച് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
പോലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് പ്രതികൾ രക്ഷപ്പെടാൻ വഴികൾ തേടിയെങ്കിലും ഒടുവിൽ വിദഗ്ധമായ നീക്കത്തിലൂടെ കീഴടക്കുകയായിരുന്നു. വിവിധയിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനക്കു ശേഷമാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ ബിലാൽ ബക്കറിനെതിരെ മെഡിക്കൽ കോളജ് പൊലീസ് നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഒരു മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. പൊലീസിനെ കണ്ടപാടെ കടന്നു കളയാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
നടക്കാവ് ഇൻസ്പെക്ടർ പി. കെ. ജിജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ്. ബി. കൈലാസ് നാഥ്, അസി. സബ് ഇൻസ്പെക്ടർ വിജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം. വി. ശ്രീകാന്ത്, എ. അൻജിത്ത്, ഉമേഷ്, സജീവൻ, ജിത്തു, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത് പയ്യോളി, ബബിത്ത് കുറുമണ്ണിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.