കഞ്ചാവ് വില്പനക്കാരിയെ വെട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ
കേസിൽ നാലുപ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു
അഞ്ചൽ: കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തിൽ വില്പനക്കാരിയുടെ തലക്ക് വെട്ടി പരിക്കേല്പിക്കുകയും വീട്ടിനുള്ളിൽ കടന്ന് സാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട മണക്കോട് ചരുവിള പുത്തൻ വീട്ടിൽ ശ്രീജിത്ത് രാജിനെ(24)യാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കരുകോൺ ഇരുവേലിക്കലിൽ ചരുവിള പുത്തൻവീട്ടിൽ കുൽസും ബീവിയെ ആക്രമിച്ച കേസിൽ ആണ് ഒന്നാം പ്രതിയായ ശ്രീജിത്ത് രാജിനെ പിടി കൂടിയത്.ശ്രീജിത്ത് രാജ് അടങ്ങുന്ന അഞ്ചംഗ സംഘം നാല് ദിവസം മുമ്പാണ് രാത്രിയിൽ കുൽസും ബീവിയുടെ വീട്ടിൽ എത്തി കഞ്ചാവ് ആവശ്യപ്പെട്ടത്. എന്നാൽ, തുക കുറഞ്ഞതിനാൽ ഇവർ കഞ്ചാവ് നൽകാൻ തയ്യാറായില്ല. ഇതോടെയാണ് പ്രതികൾ ആക്രമണം നടത്തിയത്.
കേസിൽ നാലുപ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ശ്രീജിത്ത് രാജാണ് കുൽസം ബീവിയെ വെട്ടിയതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശ്രീജിത്തിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

