കെ.എം ബഷീറിന്റെ അപകട മരണം; ശ്രീറാമിനെതിരെ നിലനിലനില്‍ക്കുന്നത് മനപൂര്‍വമല്ലാത്ത നരഹത്യ
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്ക് എതിരായ കൊലക്കുറ്റം കോടതി ഒഴിവാക്കി. ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും എതിരായ കൊലക്കുറ്റമാണ് ഒഴിവാക്കിയത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശ്രീറാമിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയാണ് നിലനിൽക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
മദ്യപിച്ച് വാഹനം ഓടിച്ചതിനും അലക്ഷ്യമായി വാഹനമോടിച്ചതിനുമുള്ള കേസ് ശ്രീറാമിനെതിരെ നിലനില്‍ക്കും. വഫയ്‌ക്കെതിരെ മോട്ടോര്‍ വാഹന കേസ് നിലനിൽക്കും. പ്രതികളുടെ വിടുതല്‍ ഹര്‍ജികളില്‍ വിധി പറയുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുകയുള്ളൂ.
കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതല്‍ ഹര്‍ജികളില്‍ ഇരുവരും ആവശ്യപ്പെട്ടിരുന്നത്. കെ. എം. ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വാഹനം ഓടിച്ചിട്ടില്ലെന്നും മറ്റെല്ലാ ആരോപണങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ശ്രീറാം കോടതിയെ അറിയിച്ചു.

