ഷാരോൺ കേസ് ; പൊലീസ് സ്റ്റേഷനിൽ ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം
സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോൾ ലൈസോൾ കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മ ആത്മഹത്യാശ്രമം നടത്തി. പൊലീസ് സ്റ്റേഷനിൽ വെച്ച് ലൈസോൾ കുടിച്ചാണ്. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോഴാണ് ലൈസോൾ കുടിച്ചത്. ഗ്രീഷ്മ ഛർദ്ദിച്ചതിനെ തുടർന്ന് നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് ഇക്കാര്യം പെൺകുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.
ഷാരോണിന്റെ കുടുംബം ഇന്ന് പൊലീസിൽ മൊഴി നൽകും. നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിലെത്തിയാകും മൊഴി നൽകുക. ഗ്രീഷ്മയ്ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം ഉറച്ച് നിൽക്കുകയാണ് ഷാരോണിന്റെ അച്ഛൻ. അതിനിടയിലാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.
തിരുവനന്തപുരം പാറശാലയിൽ ഷാരോണിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി എഡിജിപി എം ആർ അജിത് കുമാർ ഇന്നലെ അറിയിച്ചു. നിലവിൽ കേസിൽ ഗ്രീഷ്മയെ മാത്രമാണ് പ്രതി ചേർത്തത്. കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ട്. ഇന്നലെ 7 മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നു എന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു ഗ്രീഷ്മ യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തിയതും എഡിജിപി പറഞ്ഞു.

