താമരശേരി ചുരത്തിൽ വീണ സിലിണ്ടർ ലോറി ഉയർത്തിയെടുത്തു
ചുരം ഒമ്പതാം വളവിൽ ആയിരുന്നു അപകടം

താമരശേരി: താമരശേരി ചുരത്തിൽ കൊക്കയിലേക്കു വീണ പാചകവാതക സിലിണ്ടർ കൊണ്ടുപോകുന്ന ലോറി മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിനൊടുവിൽ ഉയർത്തിയെടുത്തു. ചുരം ഒമ്പതാം വളവിൽ ആയിരുന്നു അപകടം. മൈസൂരിൽനിന്ന് കോഴിക്കോട്ടേക്ക് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടർ കയറ്റിവരികയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. ലോറി ഡ്രൈവർ മൈസൂരു സ്വദേശി രവി കുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു.
സംരക്ഷണഭിത്തി മറികടന്ന ലോറി അമ്പതുമീറ്ററോളം താഴ്ചയിലേക്ക് വീണു. വനപ്രദേശത്തെ മരത്തിൽ തട്ടിയാണുനിന്നത്. സിലിണ്ടറുകളും താഴ്ചയിലേക്ക് തെറിച്ചുവീണു. ക്രെയിനെത്തിച്ച് ലോറി ഉയർത്തിയെടുക്കാൻ ശ്രമം തുടങ്ങിയെങ്കിലും ഇന്നലെ യോടെയാണ് മുകളിലെത്തിക്കാൻ സാധിച്ചത്. വനത്തിൽ ചിതറിക്കിടക്കുന്ന ഗ്യാസ് സിലിണ്ടറുകളും തിരികെയെത്തിച്ചു. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ലോറി കൊക്കയിൽ നിന്ന് പുറത്തെത്തിക്കുന്നതിന് നേതൃത്വം നൽകി.