സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകള്‍ വർദ്ധിപ്പിക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചു വരികയാണെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനത്തില്‍ നിരീക്ഷിച്ച കാര്യമാണിത്. ഹെല്‍ത്ത് പ്രൊഫഷണലുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചു വരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് പോകാന്‍ താത്പര്യമുള്ളവരുടേയും എണ്ണം കണക്കിലെടുത്ത് കൂടുതല്‍ നഴ്സിംഗ് സീറ്റുകള്‍ അനുവദിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയും പുതിയ കോളേജുകള്‍ ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ മേഖലയില്‍ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും രണ്ട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളും 5 സ്വകാര്യ നഴ്സിംഗ് കോളേജുകളും മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷം പുതുതായി ആരംഭിച്ചിരുന്നു. 510 നഴ്സിംഗ് സീറ്റുകളാണ് ഈ വര്‍ഷം വര്‍ധിപ്പിക്കാനായത്.