കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ ആഡംബര കാറിൽ നിന്ന് മയക്കുമരുന്ന് പിടിച്ചു
കോഴിക്കോട് നഗരത്തിൽ സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

കോഴിക്കോട് : ആഡംബര കാറിൽ സൂക്ഷിച്ച മയക്കു മരുന്ന് കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടി. ഗുജറാത്തി സ്ട്രീറ്റിൽ നിർത്തിയിട്ട കാറിൽ നിന്നാണ് മയക്ക് മരുന്ന് പിടിച്ചെടുത്തത്. സ്റ്റേഷൻ പരിധിയിൽ പട്രോൾ ഡ്യൂട്ടിക്കിടയിൽ ടൗൺ പോലീസ് എസ് ഐ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. കർണാടക രജിസ്ട്രേഷനുള്ളതാണ് ആഡംബരക്കാർ.നിരവധി എംഡിപിഎസ് കേസുകളിൽ പ്രതിയായ പുതിയറ ലതാ പുരി വീട്ടിൽ നൈജിൽ റിട്സ്, മാത്തോട്ടം ഷംജാദ് മനസ്സിൽ സഹൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
സംഭവ സമയത്ത് ഓടി രക്ഷപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. പ്രതികളിൽ നിന്ന് 35 ഗ്രാം എംഡിഎംഎ ഒരു കിലോഗ്രാം കഞ്ചാവ് എംഡിഎംഎ ചില്ലറ വില്പനയ്ക്ക് ഉപയോഗിക്കുന്ന ഗ്ലാസ് കവറുകൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.