headerlogo
recents

കോഴിക്കോട് ജില്ലാപഞ്ചായത്ത് കാൻസർ കെയർ സൊസൈറ്റി രൂപീകരിച്ചു

സൊസൈറ്റിയുടെ പ്രഥമ ജനറൽ ബോഡി യോഗം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

 കോഴിക്കോട് ജില്ലാപഞ്ചായത്ത് കാൻസർ കെയർ സൊസൈറ്റി രൂപീകരിച്ചു
avatar image

NDR News

26 Nov 2022 12:23 PM

കോഴിക്കോട്: ജില്ലയിലെ കാൻസർ രോഗികളുടെ ക്ഷേമത്തിനും രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകി കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോഴിക്കോട് കാൻസർ സെന്‍റർ എന്ന പേരിൽ കാൻസർ കെയർ സൊസൈറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. സൊസൈറ്റിയുടെ പ്രഥമ ജനറൽ ബോഡി യോഗം  പി.ടി.എ. റഹീം  എം.എൽ.എ ഉദ്ഘാടനം ചെയ്തു.

        കാൻസർ രോഗവും രോഗ ചികിത്സാ ചെലവുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഘടനയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് എം.എൽ.എ പറഞ്ഞു. രോഗ പ്രതിരോധം, നേരത്തെയുള്ള തിരിച്ചറിയൽ , ചികിത്സാ സേവനങ്ങളും പദ്ധതികളും ഏകോപിപ്പിക്കൽ, കാൻസർ രോഗ ചികിത്സാ രംഗത്തെ വിവിധ സാധ്യതകൾ രോഗികൾക്ക് ഗുണകരമാകുംവിധം പദ്ധതികൾ ആവിഷ്കരിക്കൽ തുടങ്ങിയ പരിപാടികളിലൂടെ കാലക്രമത്തിൽ ജില്ലയിലെ കാൻസർ രോഗികളുടെ എണ്ണം കുറയ്ക്കുക എന്നുള്ള സൊസൈറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ വിശദീകരിച്ചു. 

 

        ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗം സൊസൈറ്റിയുടെ ബൈലോ അംഗീകരിക്കുകയും ഭരണസമിതി അംഗങ്ങളെ തീരുമാനിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർപേഴ്സണും ജില്ലാ കലക്ടർ മെമ്പർ സെക്രട്ടറിയും  ജില്ലാ പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറുമായിരിക്കും. മറ്റു ഭാരവാഹികളായി ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, എൻ.എം.വിമല, പ്രൊഫ. പി.ടി.അബ്ദുൽ ലത്തീഫ്, ഡോ. ഉമർ ഫാറൂക്ക്, ഡോ. നവീൻ, എ.കെ.തറുവായി ഹാജി, ബി.എസ്.സനാഥ് എന്നിവരെയും തെരഞ്ഞെടുത്തു. 

 

        ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കോർപ്പറേഷൻ പ്രതിനിധികൾ, മുനിസിപ്പാലിറ്റി ചെയർപേഴ്സണ്‍മാർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ , ആരോഗ്യ രംഗത്തെ വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ജില്ലാ മേധാവികൾ, പൊതുപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റീവ് പ്രവർത്തകർ എന്നിവരുൾപ്പെടുന്നതാണ് സൊസൈറ്റിയുടെ ജനറൽ ബോഡി അംഗങ്ങൾ. 

      ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷയായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ, സ്ഥിരം സമിതി അംഗങ്ങളായ വി.പി.ജമീല, കെ.വി.റീന, , പി.സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജീവ് പെരുമണ്‍പുറ, കമ്പളത്ത് സുധ, ഐ.പി.രാജേഷ്, സി.വി.എം. നജ്മ, നിഷ.പി.പി., അംബിക മംഗലത്ത്, സി.എം.ബാബു, പി.ടി.എം.ഷറഫുന്നീസ ടീച്ചർ, ഇ.ശശീന്ദ്രൻ, റസിയ തോട്ടായി, സിന്ധു സുരേഷ്, അഡ്വ.പി.ഗവാസ്, ഫിനാൻസ് ഓഫീസർ എം.ടി.പ്രേമൻ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.എച്ച്.എം ഡോ. ഉമർ ഫാറൂക്ക്, ആരോഗ്യ രംഗത്തെയും പാലിയേറ്റീവ് രംഗത്തെയും പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലാ കളക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡി സ്വാഗതവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ എൻ.എം.വിമല നന്ദിയും പറഞ്ഞു.

NDR News
26 Nov 2022 12:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents