കോരപ്പുഴ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്
കൊയിലാണ്ടി: കോരപ്പുഴ പാലത്തിൽ ഇന്നലെയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. മീൻ ലോറിയും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരിങ്ങൽ പൌർണ്ണമിയിൽ ദാസൻ കെ.വി (80) ആണ് മരിച്ചത്.
ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് രോഗിയുമായി പോയ വാഹനമായിരുന്നു ഇന്നലെ വൈകിട്ട് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഇവരെ മറ്റൊരു ആംബുലൻസിൽ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന ഹോം നഴ്സിനും, ദാസന്റെ മകൻ വിനു ദാസിനും പരിക്കുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട് നിന്നും രോഗിയുമായി കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കർണാടക രജിസ്ട്രേഷൻ ലോറിയുമാണ് അപകടത്തിൽ പെട്ടത് .ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഇതുവഴി ഗതാഗതം മുടങ്ങിയിരുന്നു. വെങ്ങളം വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചു വിട്ടത്. പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.

