ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം വന്ന താമരശേരി ഡിപ്പോയിലെ ഡ്രൈവർ മരിച്ചു
മനസാന്നിധ്യം വിടാതെ ബസ് നിർത്തിയ ശേഷം കുഴഞ്ഞു വീണു
കോഴിക്കോട്: നിറയെ യാത്രക്കാരുമായി പോകവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരിലേക്ക് സുരക്ഷിതമായി നിർത്തി യാത്രക്കാരെ രക്ഷിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ മരിച്ചു. താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ താമരശ്ശേരി വെഴുപ്പൂർ ചുണ്ടകുന്നുമ്മൽ സിജീഷാണ് (കംസൻ 48) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ യിലായിരുന്ന സിജിഷ് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരിച്ചത്.
നവംബർ 20 ന് പുലർച്ചെ നാല് മണിയോടെ താമരശ്ശേരിയിൽ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് ദേഹാസ്വസ്ഥ്യം ഉണ്ടായത്. കടുത്ത വേദനയ്ക്കിടയിലും മനസാന്നിധ്യം വിടാതെ ബസ് നിർത്തിയ ശേഷം ഡ്രൈവർ സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. സിജേഷ് കുഴഞ്ഞ് വീണതിന് ശേഷമാണ് ബസിലുണ്ടായിരുന്ന കണ്ടക്റ്ററും യാത്രക്കാരും വിവരമറിഞ്ഞത്. പ്രാഥമിക ചികിത്സക്ക് ശേഷ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ദ ചികിത്സയിലായിരുന്നു.

