അറ്റുപോയ കൈകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ തുന്നിച്ചേർത്തു
പ്ലാസ്റ്റിക് സർജറി വിഭാഗമാണ് ശസ്ത്രക്രിയ നടത്തിയത്
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് യുവാക്കളുടെ അറ്റുപോയ കൈകൾ വിജയകരമായി തുന്നിച്ചേർത്തു. പ്ലാസ്റ്റിക് സർജറി വിഭാഗമാണ് അതി സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. സംഘർഷത്തിൽ വെട്ടേറ്റ തൃശൂർ ചെറുതുരുത്തി നിബിന്റെ (22) വലതു കൈപ്പത്തിയും തടിമില്ലിൽ ജോലിക്കിടെ അസം ഐനൂർ സ്വദേശി അയിനൂറി(22)ന്റെ ഇടതുകൈപ്പത്തിയും പൂർണമായും വേർപെട്ടിരുന്നു. വൻകിട ആശുപത്രികളിൽ അഞ്ചുലക്ഷത്തിലേറെ ചെലവുവരുന്ന ശസ്ത്രക്രിയ തികച്ചും സൗജന്യമായാണ് നടത്തിയത്.
ഇത്തരം കേസുകൾ തിരിച്ചയച്ചിരുന്ന പതിവുരീതിയിൽ നിന്ന് മാറി വെല്ലുവിളിപോലെ ഏറ്റെടുക്കുകയായിരുന്നു. അസ്ഥിരോഗ വിഭാഗത്തിന്റെയും അനസ്‌തേഷ്യ വിഭാഗത്തിന്റെയും കൂട്ടായ സഹകരണത്തോടെ എട്ടുമുതൽ 14 മണിക്കൂർവരെ നീണ്ട ശസ്ത്രക്രിയ നടത്തി. ആശുപത്രി വിട്ട ഇവർക്ക് ഫിസിയോതെറാപ്പികൂടി നടത്തിയാൽ ഒരു വർഷത്തിനിടെ കൈകൾ 80 ശതമാനം പൂർവസ്ഥിതിയിലാക്കാം.
ഒരു യുവാവിന് വലതുകൈപ്പത്തി തിരികെ നൽകാൻ കഴിഞ്ഞതാണ് തങ്ങൾക്കെല്ലാവർക്കും ഏറെ സന്തോഷം നൽകുന്നതെന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എ പി പ്രോംലാൽ പറഞ്ഞു. ഡോ. എൻ പ്രവീൺ, ഡോ. അനു ആന്റോ കല്ലേരി, ഡോ. കുഞ്ഞി മുഹമ്മദ്, അനസ്‌തേഷ്യ വിഭാഗത്തിലെ വകുപ്പ് മേധാവി ഡോ. ലത്തീഫ്, ഡോ. എലിസബത്ത്, ഡോ. അസ്മ, അസ്ഥിരോഗ വിഭാഗത്തിലെ വകുപ്പ് മേധാവി ഡോ. ജേക്കബ് മാത്യു, ഡോ. കെ രാജു, സ്റ്റാഫ് നഴ്സുമാരായ അബിജിത്ത്, ഷൈമ എന്നിവർക്കു പുറമെ ഇരുപതിലേറെ ഡോക്ടർമാർ ശസ്‌ത്രക്രിയയിൽ പങ്കാളികളായി

