ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ വിവിധയിടങ്ങളിൽ സംഘർഷം; കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു
തിരുവനന്തപുരത്തും എറണാകുളത്തും എസ് ഐ ഉൾപ്പടെ പോലീസുകാർക്ക് പരിക്കേറ്റു.
തിരുവനന്തപുരം: ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിൽ പള്ളിയാൻ മൂലയിൽ ഫുട്ബോൾ വിജയാഹ്ളാദത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് എസ് ഐക്ക് മദ്യപ സംഘത്തിന്റെ മർദനമേറ്റു. എറണാകുളത്ത് ഡിവൈഎഫ്ഐ - എഐവൈഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. എറണാകുളത്തും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു .
കണ്ണൂരിൽ അനുരാഗ്, ആദർഷ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വെട്ടേറ്റവരിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ 12.40 ഓടെയായിരുന്നു സംഭവം. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
എറണാകുളത്ത് കലൂരിൽ ആഘോഷത്തിനിടെ പോലീസുകാർക്ക് ക്രൂരമർദ്ദനമേറ്റു. വാഹനം തടഞ്ഞ ഒരു സംഘം ആളുകളെ പൊലീസ് ചോദ്യം ചെയ്തത് ആണ് പ്രകോപന കാരണമെന്നാണ് വിവരം. പൊലീസുകാരെ നിലത്തിട്ടു വലിച്ചിഴച്ചതായി മർദ്ദനത്തിന്റെ ദൃശ്യങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കൊല്ലം കൊട്ടാരക്കര പൂവറ്റൂരിൽ ലോകകപ്പ് ഫൈനലിനിടെ ഡിവൈഎഫ്ഐ- എഐവൈഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.

