കൊടി തോരണത്തിന്റെ കയർ കഴുത്തിൽ കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്ക്
അപകടത്തിന് കാരണമായ അയ്യന്തോളിലെ തോരണങ്ങൾ അഴിച്ചു മാറ്റി
തൃശൂർ: സ്കൂട്ടർ യാത്രക്കാരിക്ക് റോഡരുകിൽ തൂക്കിയ തോരണത്തിന്റ വയർ കഴുത്തിൽ കുരുങ്ങി പരിക്ക്.തൃശൂർ കോടതിയിലെ അഭിഭാഷകയും കേച്ചേരി സ്വദേശിയുമായ കുക്കു ദേവകിക്കായിരുന്നു തോരണം കഴുത്തിൽ കുരുങ്ങി പരുക്കേറ്റത്. സ്കൂട്ടർ യാത്രക്കാരിയായ അഭിഭാഷകയുടെ അപകടത്തിന് കാരണമായ അയ്യന്തോളിലെ പ്ലാസ്റ്റിക് കൊടി തോരണങ്ങൾ അഴിച്ചു മാറ്റി. തോരണം നീക്കാൻ പൊലീസ് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് തോരണങ്ങൾ അഴിച്ചുമാറ്റിയത്.
ചുങ്കം സ്റ്റോപ്പിന് സമീപം ഡിവൈഡറിന് മുകളിലൂടെയാണ് കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ കൊടിതോരണം കെട്ടിയിരുന്നത്. പരിപാടി കഴിഞ്ഞിട്ടും തോരണങ്ങൾ അഴിച്ചിരുന്നില്ല. ഇന്നലെ അയ്യന്തോൾ ഭാഗത്തു നിന്ന് ചുങ്കത്തിന് സമീപമുള്ള വക്കീലാഫീസിലേക്ക് പോവുകയായിരുന്നു അഭിഭാഷക. ഇതിനിടെ കാറ്റിൽ പാറിവീണ തോരണം ഇവരുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

