കടിയങ്ങാട് തീപ്പിടിത്തം; വീട് കത്തി നശിച്ചു
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം

ചങ്ങരോത്ത്: കടിയങ്ങാട് തീപ്പിടുത്തത്തിൽ വീട് കത്തി നശിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കടിയങ്ങാട് കിഴക്കയിൽ മീത്തൽ രാധയുടെ വീടിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ച് വീട് വാസയോഗ്യമല്ലാതായി.
മേൽക്കൂരയും, ഫർണിച്ചറുകളും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും, മറ്റ് വീട്ടുപകരണങ്ങളും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും കത്തി നശിച്ചു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. അയൽവാസികളായ കുട്ടികളാണ് തീ ആളിക്കത്തുന്നത് ആദ്യം കണ്ടത്. ഇവർ തീ അണയ്ക്കുന്നതിനിടയിൽ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പേരാമ്പ്ര ഫയർഫോഴ്സും സ്ഥലത്തെത്തി.
ഷീറ്റ് കൊണ്ട് മേഞ്ഞ ജീർണ്ണിച്ച വീട്ടിലായിരുന്നു നിർദ്ധനയും വിധവയുമായ രാധയുടെ കുടുംബം താമസിച്ചു വന്നിരുന്നത്. ലൈഫ് ഭവന പദ്ധതിയുടെ അർഹത പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ധനസഹായത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഏക ആശ്രയമായ ഈ വീടും വാസയോഗ്യമല്ലാതായത്.