കരിപ്പൂരിൽ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി
സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് അന്വേഷണമാരംഭിച്ചു
മലപ്പുറം: കരിപ്പൂരിൽ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി. സൗത്ത് കൊറിയ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഈ മാസം അഞ്ച് മുതൽ കോഴിക്കോടുണ്ടായിരുന്ന യുവതി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാനായാണ് കരിപ്പൂരിലെത്തിയത്. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ ഇവരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് ഇവരെ വനിതാ സെല്ലിലേക്ക് മാറ്റിയെങ്കിലും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് നടത്തിയ വൈദ്യപരിശോധനയ്ക്കിടെയാണ് താൻ ലൈംഗീക പീഡനത്തിനിരയായതായി ഇവർ ഡോക്ടറോട് പറഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

