കല്യാണ വീട്ടിൽ നിന്ന് മോഷണം പോയ പണപ്പെട്ടി കണ്ടു കിട്ടി
വിവാഹത്തിനെത്തിയവർ നിക്ഷേപിച്ച പണം അടങ്ങിയ പെട്ടിയാണ് മോഷണം പോയത്
കൊയിലാണ്ടി: വിവാഹവീട്ടിൽ നിന്ന് മോഷണം പോയ പണപ്പെട്ടി കണ്ടെത്തി. മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ പണപ്പെട്ടിയാണ് കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. വിവാഹത്തിന്റെ തലേ ദിവസമായ ബുധനാഴ്ച എത്തിയ ആളുകൾ നിക്ഷേപിച്ച പണം അടങ്ങിയ പെട്ടിയാണ് മോഷണം പോയത്.
പുലർച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. രണ്ടര വരെ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു. പിന്നീട് രാവിലെ നാലരയ്ക്കാണ് പെട്ടി മോഷണം പോയ വിവരം അറിയുന്നത്. വിവാഹത്തോട് അനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് നടത്തിയ പാർട്ടിയിൽ നിരവധി പേർ വന്നിരുന്നു. അതിനാൽ തന്നെ നഷ്ടപ്പെട്ട പെട്ടിയിൽ വലിയ തുക ഉണ്ട് എന്നാണ് അനുമാനം. എത്ര രൂപയാണ് പോയത് എന്ന് കൃത്യമായ വിവരം ഇല്ല.
വിവാഹ ദിവസമായ ഇന്നും ഒരുപാട് പേർ വരാനുള്ളതിനാൽ പെട്ടി വീട്ടുമുറ്റത്ത് തന്നെയാണ് വച്ചിരുന്നത്. ഇത്തരമൊരു മോഷണം കേട്ടുകേൾവി യില്ലാത്തതിനാൽ ആരും പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല. വീട്ടുകാർ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ഇന്ന് രാവിലെ വീടിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മോഷണം പോയ പെട്ടി കണ്ടെത്തിയത്. വിവാഹ വീടിന് പിന്നിലുള്ള പറമ്പിലെ ആൾത്താമസമില്ലാത്ത പഴയ വീട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു പെട്ടി.
പെട്ടി പൊട്ടിച്ച് പണമുള്ള കവറുകൾ കുറേ കൊണ്ടു പോകുകയും ബാക്കി കവറുകൾ ചാക്കിലാക്കി വച്ച നിലയിലുമായണ് കണ്ടെത്തിയത്. വിവാഹ വീടിനെയും പരിസര പ്രദേശത്തെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് പെട്ടി മോഷ്ടിച്ചത് എന്നാണ് അനുമാനം.

