കൈക്കൂലി വാങ്ങുന്നതിനിടെ മേപ്പയ്യൂർ സ്വദേശിയായ സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരൻ പിടിയിൽ
ഫയൽ നീക്കങ്ങൾക്കെല്ലാം കൈക്കൂലി വാങ്ങിയിരുന്നെന്നും ആരോപണം
മേപ്പയൂർ: തിരൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ മേപ്പയ്യൂർ സ്വദേശിയായ സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരൻ വിജിലൻസ് പിടിയിൽ. തിരൂർ സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജി(55)നെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
ചെറിയമുണ്ടം സ്വദേശി ഗിരീഷ്കുമാറിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകുന്നതിനായി ഇയാൾ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആധാരത്തിൻ്റെ പകർപ്പ് സാക്ഷ്യപ്പെടുത്തുന്നതിനായി ഗിരീഷ്കുമാർ കഴിഞ്ഞ ദിവസമാണ് തിരൂർ സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയത്. ഇതിനായി ബാബുരാജ് 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഗിരീഷ്കുമാർ ഉടൻ മലപ്പുറം വിജിലൻസ് യുണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ് എം. ഷഫീക്കിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് കെണി ഒരുക്കുകയുമായിരുന്നു. തുടർന്ന് വ്യാഴാഴ്ച പകൽ പതിനൊന്നോടെ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ഇയാളിൽനിന്ന് കൈക്കൂലി പണം കണ്ടെടുക്കുകയും ചെയ്തു.
രണ്ട് വർഷം മുമ്പാണ് ബാബുരാജിന് തിരൂർ സബ് രജിസ്ട്രാർ ഓഫീസിൽ അറ്റൻഡറായി നിയമനം ലഭിച്ചത്. പിന്നീട് ഓഫീസ് അസിസ്റ്റന്റായി പ്രമോഷൻ ലഭിച്ചു. ഫയൽ നീക്കങ്ങൾക്കെല്ലാം കൈക്കൂലി വാങ്ങിയിരുന്നെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഗിരീഷ്കുമാറിൽ നിന്നും 500 രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് ഇരട്ടി ആയിരം രൂപ ആവശ്യപ്പെടുകയായിരുന്നു. മുമ്പ് നടന്ന മിന്നൽ പരിശോധനയിലും ഇയാളിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയിരുന്നു. ഈ വരുന്ന മെയ് മാസം വിരമിക്കാനിരിക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിയിലായത്.
നാല് മണിക്കൂറോളമാണ് വിജിലൻസിന്റെ നടപടി നീണ്ടത്. ഇൻസ്പെക്ടർമാരായ ജ്യോതീന്ദ്രകുമാർ, വിനോദ്, സജി, ശ്രീനിവാസൻ, മോഹൻദാസ്, മോഹനകൃഷ്ണൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സലിം, ഹനീഫ, എസ്.സി.പി.ഒമാരായ ജിപ്സ്, വിജയകുമാർ, രാജീവ്, പ്രശോബ്, സി.പി.ഒമാരായ സുബിൻ, ശ്യാമ, ഡ്രൈവർ ഷിഹാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.

