കാട്ടുപന്നികൾ കിണറിൽ വീണു; കാഴ്ചക്കാരായി നാട്ടുകാർ
കല്പള്ളി താഴയ്ക്കടുത്ത വയലിലെ ആൾമറയില്ലാത്ത കിണറിലാണ് പന്നികൾ അകപ്പെട്ടത്

നടുവണ്ണൂർ: കാട്ടുപന്നികളെ കിണറിൽ വീണ നിലയിൽ കണ്ടെത്തി. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വാകയാട് യു.പി സ്കൂളിൽ നിന്ന് ഏകദേശം 200 മീറ്റർ അകലേയുള്ള കല്പള്ളി താഴയ്ക്കടുത്ത വയലിൽ സ്ഥിതി ചെയ്യുന്ന ആൾമറയില്ലാത്ത കിണറിലാണ് 3 കാട്ടുപന്നികൾ വീണു കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
ഇന്നലെ രാത്രിയാണ് കാട്ടുപന്നിക്കൂട്ടം വീണതെന്ന് കരുതുന്നത്. തള്ള പന്നിയുടെ കൈകാലുകൾ കുഴഞ്ഞ് മുങ്ങിപ്പോയിട്ടുണ്ട്. മറ്റു രണ്ടു പന്നിക്കുട്ടികൾ രക്ഷപ്പെടുവാനുള്ള ശ്രമത്തിലാണെങ്കിലും സ്വമേധയാ കയറിപ്പോകുവാൻ കഴിയാത്ത അവസ്ഥയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ഹരിദാസ്, പ്രസിഡണ്ട് സി. എച്ച്. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഷൂട്ടേർസ് പാനലിലുള്ളവരെ വിവരമറിയിച്ചിട്ടുണ്ട്.
കോട്ടൂർ - ഗ്രാമപഞ്ചായത്തിലും നടുവണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ ചില വാർഡുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. നടുവണ്ണൂർ ന്യൂസ് ചീഫ് എഡിറ്റർ ഒ. എം. കൃഷ്ണകുമാർ സംഭവസ്ഥലം സന്ദർശിച്ചു.