ചുരം കുരുക്കിൽ രോഗിയുടെ വാഹനം പെട്ടു; ഒടുവിൽ ചികിത്സ വൈകി മരിച്ചു
പുതു വർഷ ദിനത്തിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

സുത്താൻബത്തേരി: താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിൽ പെട്ട ആംബുലൻസിൽ ഉണ്ടായിരുന്നയാൾ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണിൽ രാജൻ (52) ആണ് മരിച്ചത്. തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ രാജനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുന്നതി നിടെയാണ് മരണം സംഭവിച്ചത്.
ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. വീടിനു സമീപത്ത് ഉണങ്ങി നിന്ന തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ തടി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജനെ കൽപ്പറ്റയിലെ ആശുപത്രിയിൽ നിന്നും കോഴിക്കോട് മോഡിക്കൽ കോളേജിൽ എത്തിക്കുക യായിരുന്നു. ഇതിനിടെ ചുരത്തിലെ ഗതാഗത തടസം കാരണം ആംബുലൻസ് കടന്നുപോകാൻ ബുദ്ധിമുട്ടുകയായിരുന്നു. ഏറെ സമയത്തെ ഗതാഗത കുരുക്കിൽ പെട്ട ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബിജെപി പ്രാദേശിക നേതാവായിരുന്ന രാജൻ പുൽപ്പള്ളിയിൽ ഹോട്ടൽ നടത്തി വരുകയായിരുന്നു.
പുതുവർഷ ദിനത്തിൽ താമരശ്ശേരി ചുരത്തിൽ വലിയ ഗതാഗത തടസമാണ് അനുഭവപ്പെട്ടത്. ഏഴാം വളവിനടുത്ത് കാർ തകരാറിലായതിനെ തുടർന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തുടങ്ങിയ ഗതാഗത കുരുക്ക് വൈകുന്നേരം ഏഴരയോടെയാണ് പരിഹരിക്കാനായത്. പുതുവർഷ ദിനം ചുരത്തിൽ പതിവിലും കൂടുതൽ വാഹനങ്ങളുടെ തിരക്കായിരുന്നു അനുഭവപ്പെട്ടത്.