കീഴരിയൂരിൽ പൂർണ്ണ ഗർഭിണിയും ഭർത്താവും കിണറിൽ വീണു; രക്ഷകരായി കൊയിലാണ്ടി ഫയർഫോഴ്സ്
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം

കൊയിലാണ്ടി: കിണറിൽ വീണ ഗർഭിണിക്കും ഭർത്താവിനും തുണയായി കൊയിലാണ്ടി അഗ്നിശമന സേന. കീഴരിയൂർ തീഴരുകണ്ടിപൊയിലെ അനഘശ്രീ(20), ഭർത്താവ് മനു (22) എന്നിവരാണ് കിണറിൽ വീണത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
വെള്ളമെടുക്കുന്നതിനിടെ പൂർണ്ണ ഗർഭിണിയായ അനഘശ്രീ അബദ്ധത്തിൽ കിണറിൽ വീഴുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മനുവും കിണറിൽ വീഴുകയായിരുന്നുവെന്ന് സമീപ വാസികൾ പറഞ്ഞു.
കൊയിലാണ്ടി ഫയർസ്റ്റേഷനിലെ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സിജിത്ത് കിണറിൽ ഇറങ്ങി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. സി. പി. ആനന്ദന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മജീദ്, നിതിൻരാജ്, ഷാജു, ശ്രീരാഗ്, ധീരജ്, എച്ച്. ജി. പ്രദീപൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.