ഭക്ഷ്യവിഷബാധ; കോഴിക്കോട്ട് പെൺകുട്ടി മരിച്ചു
മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ചത്

കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് പതിനാറുകാരി മരിച്ചു. ഗോവിന്ദപുരം ഐ.ടി.ഐക്ക് സമീപം താമസിക്കുന്ന അനിൽകുമാറിന്റെ മകൾ അനഘ (16) ആണ് മരിച്ചത്. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അനഘ. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു.
ഈ മാസം രണ്ടിനാണ് കുട്ടിക്ക് തുടർച്ചയായി കടുത്ത ചർദ്ദി തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മാരകമായ രീതിയിൽ ഭക്ഷ്യവിഷബാധയേറ്റതായി വ്യക്തമാക്കുകയായിരുന്നു. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങൾ ഗുരുതരമായി തകരാറിലായെന്നാണ് റിപ്പോർട്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഡിസംബർ 31 വരെ സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പിൽ സജീവമായിരുന്നു വിദ്യാർഥിയെന്ന് അധ്യാപകർ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.