പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടൽ തുടങ്ങി
ജപ്തി നടപടികള്‍ നാളെയും തുടര്‍ന്നേക്കും
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടിത്തുടങ്ങി. വിവിധ ജില്ലകളിലായി 107 പേരുടെ സ്വത്തുക്കളാണ് ഇന്ന് കണ്ടു കെട്ടിയത്.ഹൈക്കോടതിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യത്തില്‍ നടപടി വേഗത്തിലാക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടിവി അനുപമ ഐഎഎസ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടം നികത്താനുള്ള സ്വത്ത് കണ്ടുകെട്ടല്‍ നാളെ വൈകിട്ട് അഞ്ച് മണിയോടെ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, വയനാട്, കാസര്‍ഗോഡ്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ നേതാക്കളുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുല്‍ സത്താറിന്റെ വീടും വസ്തുക്കളും കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുകെട്ടി. ജപ്തി നടപടികള്‍ നാളെയും തുടര്‍ന്നേക്കും.

