യുവാവിനെ ബോണറ്റിൽ കിടത്തി ഒരു കിലോമീറ്റർ ഓളം യുവതി കാർ ഓടിച്ചു
വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനു ശേഷമുണ്ടായ വാക്കുതർക്കമാണ് കാരണം

ബെംഗളൂരു: യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ച് ഒരു കിലോമീറ്ററോളം കാറോടിച്ച് യുവതി.വാഹനം പിടിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് യുവതിയെ പ്രകോപിപ്പിച്ചത്. ബെംഗളൂരു നഗരത്തിലെ ജ്ഞാനഭാരതി നഗറിലായിരുന്നു സംഭവം. പ്രിയങ്ക എന്ന യുവതിയാണ് ദർശൻ എന്ന യുവാവിനെ തന്റെ എവി കാറിന്റെ മുകളിൽ വച്ച് കാറോടിച്ചത്. ബോണറ്റിൽ നിന്ന് ഇറങ്ങാൻ ദർശൻ, ബോണറ്റിൽ തൂങ്ങിപ്പിടിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇരുവരുടെയും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനു ശേഷമുണ്ടായ വാക്കു തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. വാക്കു തർക്കത്തിനിടെ പ്രിയങ്ക വിരൽ ചൂണ്ടി സംസാരിച്ചെന്ന് ദർശൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പ്രിയങ്ക പോകുന്നതു തടഞ്ഞപ്പോൾ, കാർ വേഗത്തിൽ മുൻപോട്ട് എടുക്കുകയും താൻ ബോണറ്റിലേക്ക് കയറി പോകുകയുമായിരുന്നെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇരുവരെയും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യശ്വന്ത്, സുജൻ, വിനയ് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേർ. വധശ്രമക്കുറ്റമാണ് പ്രിയങ്കയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദർശന്റെ സുഹൃത്തുക്കൾ പ്രിയങ്കയുടെ കാറിന്റെ ചില്ല് തല്ലിത്തകർത്തു. പ്രിയങ്കയുടെ കാറിന്റെ ചില്ല് അടിച്ച് തകർത്തതിനാണ് സുഹൃത്തുക്കൾക്കെതിരെ കേസെടുത്തത്.