മാവൂരിൽ ഭക്ഷ്യ ഉൽപാദന വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി
മാവൂർ: മാവൂർ പഞ്ചായത്തിലെ ഭക്ഷ്യ ഉൽപാദന - വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹെൽത്തി കേരള പരിശോധന നടത്തി. എം.സി.എച്ച്. യൂണിറ്റ് ചെറൂപ്പയിലെ ഹെൽത്ത് സൂപ്പർവൈസർ ടി.ആർ. രജിത്ത് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജിത്ത് കെ.സി., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ എം., സുമിത് വി., സുരേഷ് കുമാർ ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനീസ് ഫഹീമ, ഫറീന, ഐശ്വര്യ, സുനിഷ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. മേച്ചേരികുന്ന് സ്കൂൾ പരിസരത്ത് അനധികൃതമായി ഭക്ഷണപാനീയങ്ങൾ ഉണ്ടാക്കുകയും സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം നടത്തുകയും ചെയ്യുന്നുണ്ടെന്ന സ്കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ പരിസരത്തെ മുഴുവൻ കടകളിലും പരിശോധന നടത്തുകയും കടയുടമകൾക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തു.
മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും പുകയില വിമുക്ത ബോർഡ് സ്ഥാപിക്കാനും നിർദ്ദേശം നൽകി. ഭക്ഷണസാധനങ്ങൾ വിൽക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങളും പഞ്ചായത്ത് ലൈസൻസ്, ഫുഡ് ആൻഡ് സേഫ്റ്റി ലൈസെൻസ്, സാനിറ്ററി സർട്ടിഫിക്കറ്റ്, കുടിവെള്ള ഗുണനിലവാര പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡ്, എന്നിവ എത്രയും വേഗം എടുക്കേണ്ടതാണെന്നും വരും ദിവസങ്ങളിൽ പരിശോധന ഊർജിതപ്പെടുത്തുമെന്നും ഹെൽത്ത് ഓഫീസർ ഡോക്ടർ എം. മോഹൻ അറിയിച്ചു.

