ബ്രൗൺ ഷുഗറും കഞ്ചാവുമായി നഗരത്തിൽ വിവിധയിടങ്ങളിൽ മൂന്ന് പേർ പിടിയിൽ
ഡാൻസാഫും മെഡിക്കൽ കോളേജ് പൊലീസും ടൗൺ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

കോഴിക്കോട്: നഗരത്തിൽ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ലഹരി പദാർഥങ്ങളുമായി മൂന്ന് പേർ പിടിയിൽ. ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗൺ ഷുഗറുമാണ് പിടികൂടിയത്. അടിവാരം മേലെ കനലാട് തെക്കേക്കര വീട്ടിൽ ഷാജി വർഗ്ഗീസ് (54), കായലം ഭൂതനം കോളനി കോഴിയോട്ട് ചാലിൽ അബ്ദുൾ സമദ് എന്ന കിളി സമദ് (35), ഒളവണ്ണ മണിയാൽ പറമ്പ് അബ്ദുൾ ഷാഹിർ എന്ന സായി എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ടൗൺ സബ് ഇൻസ്‌പെക്‌ടർ സുബാഷിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജു ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് താമരശ്ശേരിയിൽ നിന്നും കോഴിക്കോടേക്ക് ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഷാജി വർഗീസിനെ കോട്ടാംപറമ്പ് വെച്ച് പിടികൂടിയത്. അബ്ദുൽ സമദിനെ അര കിലോ കഞ്ചാവുമായി കുറ്റിക്കാട്ടൂരിൽ നിന്നുമാണ് പിടികൂടിയത്. പിടിയിലായ സമദിനും അബ്ദുൽ ഷാഹിറിനുമെതിരെ ഒട്ടേറെ മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. പിടിയിലായ ഷാജി വർഗീസിനെതിരെ മോഷണം, ഭവനഭേതനം, ലഹരിമരുന്ന് കടത്തൽ തുടങ്ങിയ കേസുകളും നിലവിലുണ്ട്.
ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ സീനിയർ സി.പി.ഒ. കെ. അഖിലേഷ്, അനീഷ് മൂസാൻവീട്, സി.പി.ഒമാരായ സുനോജ് കാരയിൽ, അർജുൻ അജിത്, മെഡിക്കൽ കോളേജ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടർ സുരേഷ് കെ., ഹരിഷ് ഹരികൃഷ്ണൻ, ശ്രീജയൻ, എസ്.സി.പി.ഒ. ശ്രീകാന്ത്, വിനോദ് കുമാർ, കെ.എച്ച്.ജി. ഉദയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.