ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ
ലൈഫ് മിഷന്‍ കോഴ ഇടപാടിലെ ആദ്യത്തെ അറസ്റ്റ്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തു. കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവ് ലഭിച്ചെന്നും ഇഡി വ്യക്തമാക്കി.മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. ശിവശങ്കറിനെ നാളെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ ഇഡിയുടെ ചോദ്യം ചെയ്യലിനോട് കാര്യമായി ശിവശങ്കര്‍ പ്രതികരിച്ചിരുന്നില്ല.
ലൈഫ് മിഷന്‍ കോഴ ഇടപാടിലെ ആദ്യത്തെ അറസ്റ്റാണ് ഇത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ കോാഴ കേസ് കെട്ടി ചമച്ച കഥയാണെന്നായിരുന്നു ശിവശങ്കര്‍ പ്രതികരിച്ചിരുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും ഒരു കോടി രൂപയോളം വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇഡിയുടെ നിഗമനം. എന്നാല്‍ അതിനെ കുറിച്ച് അറിയില്ല, എന്നായിരുന്നു ശിവശങ്കറിന്റെ മൊഴി.