ഓപ്പറേഷന് കൈക്കൂലി: രണ്ട് സർക്കാർ ഡോക്ടര്‍മാര്‍ പിടിയില്‍
ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്
തൃശൂര്‍: ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് ഉള്‍പ്പടെ രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ പ്രദീപ് വര്‍ഗീസ് കോശി, അനസ്‌തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. പുവ്വത്തൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ആഷിക്കില്‍ നിന്ന് ഭാര്യയുടെ ഓപ്പറേഷന്‍ നടത്താന്‍ കൈക്കൂലി ചോദിച്ച കേസിലാണ് ഇരുവരും പിടിയിലായത്.
ഗര്‍ഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയ നടത്തുന്നതിന് ഇരുവരും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആഷിക്കില്‍ നിന്നും ഡോ പ്രദീപ് 3000 രൂപയും ഡോ വീണ 2000 രൂപയുമാണ് വാങ്ങിയത്. ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ആഷിക് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഫിനാഫ്തലിന്‍ പൗഡര്‍ മുക്കിയ പണം വാങ്ങിയതോടെയാണ് ഡോക്ടര്‍മാര്‍ പിടിയിലായത്.
താലൂക്ക് ആശുപത്രിക്ക് അടുത്ത് പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു വരുന്ന വീട്ടില്‍ നിന്നാണ് ഡോക്ടര്‍മാരെ വിജിലന്‍സ് പിടികൂടിയത്. വിജിലന്‍സ് ഡിവൈഎസ്പി ജിംബോള്‍ സി ജി, എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍, സിപിഒമാരായ വിബീഷ് കെ വി, സൈജു സോമന്‍, അരുണ്‍, ഗണേഷ്, എ എസ് ഐ ബൈജു, എ എസ് ഐ കരുണന്‍, ഡബ്യൂ സിപിഒമാരായ സിന്ധു, സന്ധ്യ രതീഷ് എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ ഡോക്ടര്‍മാരെ കോടതിയില്‍ ഹാജരാക്കും.

