കാരയാട് എ.യു.പി. സ്കൂൾ വിദ്യാർഥികൾക്ക് തേനീച്ച കൂട്ടത്തിൻ്റെ ആക്രമണത്തിൽ പരിക്ക്
പതിനൊന്നു വിദ്യാർഥികൾക്ക് പരിക്ക്

അരിക്കുളം: സ്കൂൾ വിദ്യാർഥികൾക്ക് തേനീച്ചയുടെ കുത്തേറ്റു. കാരയാട് എ.യു.പി. സ്കൂൾ വിദ്യാർഥികൾക്കാണ് കുത്തേറ്റത്. സംഭവത്തിൽ പതിനൊന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് സ്കൂൾ വിട്ട ശേഷമായിരുന്നു സംഭവം. സ്കൂൾ ഗ്രൗണ്ടിലേക്ക് കൂട്ടത്തോടെയെത്തിയ തേനീച്ചകൾ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരിൽ ഒരു വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പത് പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരു കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിദ്യാർഥികളെ രക്ഷിക്കാനെത്തിയ നാട്ടുകാരനും പരിക്കേറ്റു. ആയാൽ ഷെരീഫിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.