ബാലുശ്ശേരി ടൗണിലെ ട്രാഫിക് പരിഷ്കരണം നടപ്പായില്ല യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം
തീരുമാനം ലംഘിക്കപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല

ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ ട്രാഫിക് സംവിധാനം കുറ്റമറ്റതാക്കി മാറ്റുന്നതിനായി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാതെ കടലാസിൽ ഒതുങ്ങി. പഞ്ചായത്തധികൃതര്‍, പോലീസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, റോഡ് ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുത്തിരുന്നത്. ടൗണില്‍ ഗതാഗതക്കുരുക്ക് നിത്യ സംഭവമായി മാറിയ സാഹചര്യ ത്തിലാണ് ട്രാഫിക് സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.
ടൗണിലെ ഓട്ടോ പാര്‍ക്കിങ്, ബസ് സ്റ്റാന്‍ഡിലെ ട്രാഫിക് സംവിധാനം ഹൈസ്കൂള്‍ റോഡിലെ ബസ്‌സ്റ്റോപ്പ്, പോസ്റ്റ് ഓഫീസ് റോഡിലെ ബസ് സ്റ്റോപ്പുകള്‍, എന്നിവയെല്ലാം ട്രാഫിക് പരിഷ്കരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. ചില തീരുമാനങ്ങള്‍ ഏതാനും ദിവസങ്ങള്‍മാത്രം നടപ്പായെങ്കിലും പിന്നീട് അതെല്ലാം ലംഘിക്കപ്പെടുകയാണുണ്ടായത്. കമ്മിറ്റി തീരുമാനം ലംഘിക്കപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഇതേവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല .
ഹൈസ്കൂള്‍ റോഡ് സംസ്ഥാന പാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്താണ് പോസ്റ്റ് ഓഫീസ് ബസ്‌സ്റ്റോപ്പ്. ഇവിടെ ഗതാഗത ക്കുരുക്ക് നിത്യസംഭവമായി മാറിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ് റോഡില്‍ രണ്ട് ബസ് സ്റ്റോപ്പുകള്‍ അടുത്തടുത്തായി ഉണ്ടായിരുന്നത് പലതവണ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയ സാഹചര്യത്തിലാണ് ചിറക്കല്‍ കാവ് ക്ഷേത്രത്തിനുമുന്നില്‍ ഒരു ബസ് സ്റ്റോപ്പ് നിര്‍മിച്ച് ബസുകള്‍ അവിടെ നിര്‍ത്തിത്തുടങ്ങിയത്. ഈ ബസ്‌സ്റ്റോപ്പ് അവിടെ നിന്നും മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ചിലരുടെ സമ്മര്‍ദമാണ് ഇതിന്റെ പിന്നിലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.