ബ്രഹ്‌മപുരം തീപിടിത്തം; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി
ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി.
വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷ ഉൾപ്പെടെ പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

