കുഞ്ഞ് മരിച്ച സംഭവത്തിൽ നീതി തേടി ഫാത്തിമ ആശുപത്രിക്ക് മുന്നിൽ മാതാവിൻറെ സമരം
ചികിത്സ പിഴവ് ആരോപിച്ച് കുന്ദമംഗലം ജനകീയ ആക്ഷൻ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്

കോഴിക്കോട്: ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ കുട്ടി മരിച്ച സംഭവത്തിൽ ജനകീയ ആക്‌ഷൻ കമ്മിറ്റി നേതൃത്വത്തിൽ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഗൈനക്കോളജി സ്റ്റായ ഡോക്ടർ അനിതയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്ലക്കാടുകളുമായി 150 ഓളം പേർ സമരത്തിൽ പങ്കെടുത്തു. കുട്ടി മരിച്ച സംഭവത്തിൽ അനിതയുടെ ഭർത്താവ് കാർഡിയോളജിസ്റ്റ് ആയ ഡോ. അശോകനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
കഴിഞ്ഞ 24നാണ് സിസേറിയനിലൂടെ പുറത്തെടുത്ത ഹാജറയുടെ കുട്ടി മരിച്ചത്. ചികിത്സാ പിഴവാണ് കുട്ടി മരിക്കാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഹാജറയും കുടുംബവും ആംബുലൻസിൽ എത്തി സിറ്റി പൊലീസ് കമീഷണർക്ക് പരാതിയും നൽകി. പരാതിയിൽ നടപടിയെടുക്കുമെന്ന് കമീഷണർ ഉറപ്പ് നൽകിയതിനെ തുടർന്ന് ഉച്ചയോടെ സമരം അവസാനിപ്പിച്ചു. സഹോദരിയുടെ വീട്ടിലെത്തി പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ യുവതിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വഴക്കുണ്ടായിരുന്നു. വാക്‌തർക്കത്തിനിടെ കാർഡിയോളജിസ്‌റ്റ് ഡോ. അശോകനെ ബന്ധുക്കൾ മർദിച്ചിരുന്നു. കേസിൽ യുവതിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.എന്നാൽ ആരോപിക്കുന്ന വിധം സംഭവങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് ആക്ഷൻ കമ്മിറ്റി പറയുന്നത്. ഡോക്ടറെ മർദ്ധിച്ച വിഷയത്തിൽ ആശുപത്രിയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കണം. ചികിത്സാപ്പിഴവിൽ കുട്ടി മരിച്ച സംഭവത്തിൽ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയനേതൃത്വങ്ങളും അഭിപ്രായം പറയണമെന്നും സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു.