കാർ ഷോറൂമിൽ യുവാവിനെ പൂട്ടിയിട്ടതായി പരാതി
ആലുവ നഗരത്തിലുള്ള കിയ കാർ ഷോറൂമിലാണ് യുവാവിനെ ഷോറൂമിൽ പൂട്ടിയിട്ടത്

കൊച്ചി: ആലുവയിൽ കാർ ഷോറൂമിൽ യുവാവിനെ പൂട്ടിയിട്ടതായി പരാതി. പെരുമ്പാവൂർ സ്വദേശി നിസാറാണ് പരാതിക്കാരൻ. ആലുവ നഗരത്തിലുള്ള കിയ കാർ ഷോറൂമിലാണ് നിസാറിനെ പൂട്ടിയിട്ടത്. ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. സർവീസിന് ഏൽപ്പിച്ച കാർ തിരികെ വാങ്ങാനെത്തിയ നിസാർ സർവീസ് കൃത്യമായിരുന്നില്ലെന്ന് ആരോപിച്ച് ഷോറുമിൽ തുടരുകയായിരുന്നു.
ഇതിനിടയിലാണ് നിസാറിനെ അകത്താക്കി ഷോറും പൂട്ടിയത്. അതിനുശേഷം ഷോറൂം അധികൃതർ അവിടെനിന്നും പോയതായും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് നിസാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് രാത്രി 10 മണിയോടെ ചെങ്ങമനാട് സ്റ്റേഷനിലെ പൊലീസെത്തിയാണ് നിസാറിനെ ഷോറൂമിന് അകത്ത് നിന്നും പുറത്തിറക്കിയത്.
സംഭവത്തിൽ രേഖാമൂലം പരാതി ഇന്ന് സമർപ്പിക്കുമെന്ന് നിസാർ അറിയിച്ചു. ഷോറൂമിൽ നിന്നും പുറത്തിറങ്ങാൻ പല തവണ ആവശ്യപ്പെട്ടിട്ടും നിസാർ തയ്യാറായില്ലെന്ന് ഷോറൂം ജീവനക്കാർ പറഞ്ഞു. തുടർന്ന് നിസാറിനെ ഷോറുമിന് അകത്താക്കി പൂട്ടേണ്ടി വന്നുവെന്നാണ് ഉടമസ്ഥരുടെ വാദം