യുവതി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്: അഞ്ച് പേരെ സസ്പെന്റ് ചെയ്തു
പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ആറ് പേർക്കെതിരെ നടപടി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരി ആയ ദീപയെ ആണ് പിരിച്ചു വിട്ടത്. ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.
പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ആറ് പേർക്കെതിരെ നടപടിയെടുത്തത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് സർക്കാർ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
അതിജീവിതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒരു നഴ്സിംഗ് അസിസ്റ്റൻറ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ , ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. പ്രതിയായ അറ്റൻഡർ ശശീന്ദ്രന്റെ അറസ്റ്റിന് പിന്നാലെ ഇരയ്ക്ക് മേൽ പരാതി പിൻവലിക്കാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു.