ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവു വരുത്തിയ യുവതിയെ പരിശീലക ക്രൂരമായി മര്‍ദ്ദിച്ചു
വിവരം പുറത്ത് പറഞ്ഞാല്‍ ലൈസന്‍സ് ലഭിക്കുന്നതിന് നല്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദനമേറ്റ യുവതി
കൊല്ലം: ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവു വരുത്തിയ യുവതിയെ പരിശീലക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശിനി ഷൈമക്കെതിരെയാണ് ആരോപണം.സംഭവത്തില്‍ കൊല്ലം ഈസ്‌റ്റ് പൊലീസ് കേസെടുത്തു. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ ലൈസന്‍സ് ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദനമേറ്റ യുവതി ആരോപിച്ചു. രണ്ടുദിവസം മുൻപ് കൊല്ലം ആശ്രാമത്ത് ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെയാണ് സംഭവം. ഡ്രൈവിങ്ങിൽ പിഴവു വരുത്തിയ യുവതിയെ സ്‌കൂള്‍ ഉടമയായ ഷൈമ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
പരിശീലക പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. വിഷാദരോഗം മൂലമാണ് യുവതിയെ മർദ്ദിച്ചതെന്നും പരിശീലക പൊലീസിനോട് പറഞ്ഞു. സംഭവസമയത്ത് ഉപയോഗിച്ച വാഹനം കസ്‌റ്റഡി യിലെടുക്കുമെന്നും പൊലീസ് പറഞ്ഞു. പരാതിയിന്മേല്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കാലിനും കൈകള്‍ക്കും നെഞ്ചിലും യുവതിക്ക് മര്‍ദ്ദനമേറ്റു. തുടർന്ന് യുവതി ബോധ രഹിതയായി വീഴുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ പലയിടത്തും അടിയേറ്റ് ചതഞ്ഞ പാടുകൾ ഉണ്ട്. മന്ത്രി ചിഞ്ചുറാണിയെ അടക്കം ഡ്രൈവിംഗ് പഠിപ്പിച്ചയാളാണ് താനെന്നും അതിനാല്‍ പരാതി നല്‍കിയാലും നടപടി ഉണ്ടാകില്ലെന്നും പരിശീലക ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മാതാവ് പറയുന്നു. മർദ്ദന വിവരം വീട്ടിൽ അറിയിച്ചാൽ ലൈസന്‍സ് ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്ന് ഷൈമ പറഞ്ഞതായി യുവതി പറഞ്ഞു.

