കോഴിക്കോട്ടുകാർക്ക് അനുഭൂതി പകർന്ന് രാപകൽ നാടക അവതരണം
നാടകകൃത്ത് ജയപ്രകാശ് കുളൂരിന് ആദരമർപ്പിച്ചുകൊണ്ടാണ് നാടകങ്ങൾ അവതരിപ്പിക്കുന്നത്
കോഴിക്കോട്: ഇൻസൈറ്റ് പബ്ലിക സംഘടിപ്പിക്കുന്ന കേരള ആർട് ഫീസ്‌റ്റിന്റെ ഭാഗമായാണ് നാലുദിനങ്ങളിലായി 37 നാടകങ്ങൾ അരങ്ങേറുന്നു. പകലും രാത്രിയുമെന്ന ഭേദമില്ലാതെ നാടകത്തിലേക്ക് കണ്ണുനട്ട് നൂറുകണക്കിന് പ്രേക്ഷകരുമുണ്ട് നഗരത്തിലെത്തുന്നത്. നാടകകാരൻ ജയപ്രകാശ് കൂളുരിന് ആദരമായാണ് അദ്ദേഹത്തിന്റെ നാടകങ്ങൾക്ക് മാത്രമായി വേദിയൊരുങ്ങിയത്. ട്രെയിനിങ് കോളേജിലും മാനാഞ്ചിറ സ്‌ക്വയറിലും ടൗൺഹാളിലുമാണ് വേദികൾ.
പ്രണയവും സ്‌നേഹവും മാഞ്ഞുപോയ വീടുകളെല്ലാം ചോരുന്നവയാണെന്ന് ഓർമിപ്പിക്കുകയായിരുന്നു ചോരണ കൂരയെന്ന നാടകം. കാന്തനും കാന്തിയും പാർക്കുന്ന ചോർച്ചയുള്ള കൂരയിലെ ചേർച്ചയില്ലായ്‌മയിലൂടെയാണ് നാടകം വളരുന്നത്. ഒരേ താളത്തിലുള്ള ജീവിതത്തിലെ മടുപ്പും പ്രണയമില്ലായ്‌മയും മൂലം നിരന്തരം കലഹിക്കുകയാണ് ദമ്പതിമാർ. പ്രണയത്തോടെ കാന്തിയുടെ കണ്ണിലെ മഷിതൊട്ടെടുത്ത് അവളുടെ കവിളിൽ കാന്തൻ കരിമറുക് വരച്ചുചേർക്കുന്നതോടെ ജീവിതത്തിലേക്ക് പ്രണയം തിരികെയെത്തുകയാണ്. ഭ്രമാത്മകമായ രംഗങ്ങളിലൂ ടെയാണ് രണ്ടാൾ നാടകം പ്രണയത്തിന്റെ ദർശനത്തെ അനുഭവിപ്പിക്കുന്നത്. മുംബൈ ലിറ്റിൽ തിയറ്റേഴ്‌സ് അവതരിപ്പിച്ച നാടകത്തിൽ എം വി രാമകൃഷ്‌ണനും രശ്‌മി അഭയുമാണ് വേഷമിട്ടത്.
പാൽപ്പായസം (പയിമ്പ്ര സ്‌കൂൾ), മിണ്ടാപ്പൂച്ച (ഒളവണ്ണ പി ജി ഗ്രന്ഥാലയം), വെളിച്ചെണ്ണ (കുമാർ), പിണ്ണാക്ക് (ഷെറിൽ), പാലം (സി രാജൻ, ജോസ് പി റാഫേൽ), ക്വാക് ക്വാക് (ജോസഫ് നിനാസം), ഗ്രന്ഥ ജ്യോതിഷാലയം (ഷെറിൽ), ദിനേശന്റെ കഥ(രാജീവ് ബേപ്പൂർ), ഇറ്റ്‌സ് ഓകെ(പ്രകാശ് ബാരെ), സോപ്പ് ചീപ്പ് കണ്ണാടി (തിരുവനന്തപുരം ആപ്‌റ്റ്), കൊണ്ടാട്ടം(ബേപ്പൂർ ഉറവ്) എന്നീ നാടകങ്ങളും വ്യാഴാഴ്‌ച അരങ്ങിലെത്തി.

