വീട് പൊളിക്കുന്നതിനിടെ ചുമര് ഇടിഞ്ഞുവീണു ബാലികക്ക് ദാരുണാന്ത്യം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒമ്പതരയോടെയാണ് കുട്ടി മരിച്ചത്
കണ്ണൂർ: വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് എട്ടുവയസുകാരി മരിച്ചു. തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിൽ പൊളിച്ചുനീക്കുകയായിരുന്ന വീടിന്റെ മൺചുമർ വീണാണ് അപകടം ഉണ്ടായത്. പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ ഫാത്തിമയാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ മൂന്ന് കുട്ടികൾക്ക് പരുക്കേറ്റു. പരുക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സാരമായി പരുക്കേറ്റ ആദിലിനെ(എട്ട്) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും അസ്ഹബ്ബ(ഏഴ്)യെയും ജസ ഫാത്തിമയുടെ സഹോദരി ലിൻസ മെഹറിനെ(അഞ്ച്)യും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടിന്റെ ചുമർ പൊളിക്കുന്നതിന് സമീപം കുട്ടികൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അിതിനിടെയാണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ജസ ഫാത്തിമയെ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒമ്പതരയോടെയാണ് ജസ മരിച്ചത്.

