ഐസ്ക്രീം കഴിച്ച കുട്ടി മരിച്ച സംഭവം: അരിക്കുളം മുക്കിലെ കട അടപ്പിച്ചു
കടയിൽ നിന്ന് വാങ്ങിയ ഐസ്ക്രീം കഴിച്ചതിനു ശേഷമാണ് കുട്ടിക്ക് തുടർച്ചയായ ഛർദി ഉണ്ടായത്
മേപ്പയ്യൂർ: ഐസ്ക്രീം കഴിച്ചതിനു ശേഷം ഉണ്ടായ ചർദ്ദിയെ തുടർന്ന് 12കാരൻ മരിച്ച സംഭവത്തെ തുടർന്ന് ഐസ്ക്രീം വാങ്ങിയ കട അടപ്പിച്ചു കുട്ടി ഐസ്ക്രീം വാങ്ങി കഴിച്ച അരിക്കുളം മുക്കിലെ കടയാണ് അധികൃതർ അടപ്പിച്ചത്. അരിക്കുളം കോറോത്ത് മുഹമ്മദ ലിയുടെ മകൻ അഹമ്മദ് ഹസൻ രിഫായിയാണ് മരിച്ചത്. ചങ്ങരോത്ത് എ യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഈ കടയിൽ നിന്ന് വാങ്ങിയ ഐസ്ക്രീം കഴിച്ചതിനു ശേഷം ആണ് കുട്ടിക്ക് തുടർച്ചയായ ഛർദി ഉണ്ടായത് എന്ന് ബന്ധുക്കൾ പറയുന്നു.കടയിൽ നിന്നും ശേഖരിച്ച ഐസ്ക്രീമിന്റെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി അയച്ചിരിക്കുകയാണ് ഇതിൻറെ ഫലം വന്നതിനുശേഷം മാത്രമേ ഐസ്ക്രീം കഴിച്ചതാണോ കുട്ടിയുടെ മരണകാരണമെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി കിട്ടിയതിനുശേഷം മാത്രമേ മരണത്തിലെ സ്ഥിരീകരണം ഉണ്ടാവൂ. മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യവകുപ്പ് അധികൃതർ കടയിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് താൽക്കാലികമായി കട അടപ്പിച്ചത്
ഐസ്ക്രീം കഴിച്ച ശേഷം ഛർദി അനുഭവപ്പെട്ടതിനെ തുടർന്ന് വീടിനടുത്ത് സ്വകാര്യ ക്ലിനിക്കിലും തുടർന്ന് മേപ്പയൂരിലും ചികിത്സ തേടുകയായിരുന്നു തിങ്കളാഴ്ച പുലർച്ചെ അസ്വസ്ഥതകൾ വർദ്ധിച്ചതോടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അസ്മയാണ് അഹമ്മദ് ഹസൻ റിഫായിയുടെ മാതാവ്. സഹോദരങ്ങൾ ആയിഷ,റഷിൻ.

