headerlogo
recents

നോക്കണേ ..... നടുവണ്ണൂരിലും ഉള്ളിയേരിലും ബാലുശ്ശേരിയിലും പേരാമ്പ്രയിലും ക്യാമറയുണ്ട്

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ഇല്ലെങ്കിൽ പോക്കറ്റ് കീറും; എഐ ക്യാമറകൾ ഇന്ന് മുതൽ പണി തുടങ്ങും

 നോക്കണേ ..... നടുവണ്ണൂരിലും ഉള്ളിയേരിലും ബാലുശ്ശേരിയിലും പേരാമ്പ്രയിലും ക്യാമറയുണ്ട്
avatar image

NDR News

20 Apr 2023 09:09 AM

ബാലുശേരി: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകള്‍ ഇന്ന് മുതൽ നിയമലംഘകരെ പിടികൂടി പിഴ ചുമത്തും. നിയമലംഘകർക്ക് തർക്കം ഉന്നയിക്കാൻ കഴിയാത്ത വിധം വ്യക്തമായ ചിത്രങ്ങളാണ് അത്യാധുനിക ക്യാമറകളിൽ പതിയുന്നത്. ക്യാമറയിൽ ചിത്രങ്ങള്‍ പതിഞ്ഞാൽ മോട്ടോർവാഹന വകുപ്പിൻെറ സംസ്ഥാന -ജില്ല കണ്‍ട്രോള്‍ റൂമിലാണ് ബാക്കി പ്രവർത്തനങ്ങള്‍. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെൽട്രോൺ വഴിയാണ് എഐ പദ്ധതി നടപ്പാക്കുന്നത്. 

   പകൽ പോലെ തന്നെ രാത്രി ദൃശ്യങ്ങളും തെളിമയോടെ ക്യാമറകൾ പകർത്തും. ഇടതുവശത്തുകൂടിയുള്ള മറികടക്കൽ, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, അമിതവേഗം തുടങ്ങിയവക്ക്‌ പിടിവീഴും.  റോഡ് ലൈൻ മാറിപ്പോകുന്നതും ലെവൽ ക്രോസിൽ വണ്ടി നിർത്തുന്നതുമെല്ലാം പിടികൂടും. മുഖവും നമ്പറും വ്യക്തമാകും. രാത്രിയിലും വ്യക്തതയേറിയ ദൃശ്യങ്ങൾ ലഭിക്കും. സീറ്റ്ബെൽറ്റിടാത്തവരുടെ മുഖവും നമ്പർപ്ലേറ്റും വ്യക്തമാകും. പിറകിലിരിക്കുന്നവർക്ക് ഹെൽമെറ്റില്ലെങ്കിൽ അതും പകർത്തും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഉപയോഗവും അമിതവേഗവും പിടികൂടും. ഇൻഷുറൻസ്, രജിസ്ട്രേഷൻ രേഖകൾ വാഹൻ സോഫ്‌റ്റ്‌വെയറിൽ പരിശോധിച്ച് പിഴചുമത്തും.  

        കോഴിക്കോട്‌ ജില്ലയിൽ  പ്രധാന ടൗണുകളിൽ ഉൾപ്പെടെ 61 ഇടത്താണ്‌ ക്യാമറ വരുന്നത്‌.  പഠനം നടത്തി അപകടസാധ്യത മേഖല കണ്ടെത്തിയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ക്യാമറ സ്ഥാപിച്ച 
സ്ഥലങ്ങൾ താഴെപ്പറയുന്നവയാണ്. നല്ലളം, ബേപ്പൂർ, നല്ലൂർ, മാത്തോട്ടം, കല്ലായി, വൈദ്യരങ്ങാടി, ലിങ്ക്‌ റോഡ്‌, കോഴിക്കോട്‌ ബീച്ച്‌, മാനാഞ്ചിറ, പാവമണി റോഡ്‌, മാനാഞ്ചിറ, നരിക്കുനി, ആനക്കുഴിക്കര,  കാവിൽ,  രാമനാട്ടുകര, ചേവരമ്പലം, വെള്ളിമാട്‌കുന്ന്‌, കുന്നമംഗലം, പാവങ്ങാട്‌, മുക്കം, കട്ടാങ്ങൽ, പൂനൂർ, മദ്രസ ബസാർ, പൂളാടിക്കുന്ന്‌, പന്തീരാങ്കാവ്‌, പുത്തൂർമഠം,  വട്ടക്കുണ്ടുങ്ങൽ, കരിക്കാംകുളം, നന്മണ്ട,   എരക്കുളം, താഴെ ഓമശേരി, ബാലുശേരി, വട്ടോളി ബസാർ, ഉള്ള്യേരി, പുറക്കാട്ടിരി, ഈങ്ങാപ്പുഴ, കോരപ്പുഴ, നടുവണ്ണൂർ, പയ്യോളി ബീച്ച്‌,  കീഴൂർ, മേപ്പയൂർ, തിരുവങ്ങൂർ, കക്കാട്‌, പന്നിമുക്ക്‌, പേരാമ്പ്ര,  സാൻഡ്‌ ബാങ്ക്‌, തിരുവള്ളൂർ, കൂത്താളി, വടകര പഴയ ബസ്‌സ്‌റ്റാൻഡ്‌‌, പെരുവട്ടം, വില്യാപ്പള്ളി, പാലേരി കുയിമ്പിൽ, ചെറിയകുമ്പളം, കുറ്റ്യാടി,  ഓർക്കാട്ടേരി,  എടച്ചേരി, പൈക്കളങ്ങാടി, കാപ്പാട്‌, കക്കട്ടിൽ, മേപ്പയിൽ, നാദാപുരം, കല്ലാച്ചി, ചേറ്റുവീട്ടിൽ.

      ഗതാഗതനിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അഞ്ച് വർഷം സൂക്ഷിക്കാനുള്ള സംവിധാനം കൺട്രോൾ റൂമിലെ ഡേറ്റാസെന്ററിലുണ്ട്. ദൃശ്യങ്ങൾ ഒരുവർഷം സൂക്ഷിച്ചുവയ്ക്കും പൊലീസോ അന്വേഷണ ഏജൻസികളോ ആവശ്യപ്പെട്ടാൽ നൽകും. നിയമലംഘനത്തിന്റെ അറിയിപ്പ് തത്സമയം വാഹന ഉടമയുടെ മൊബൈലിൽ എത്തുന്ന തരത്തിലാണ് സംവിധാനം. വാഹനങ്ങള്‍ തടഞ്ഞു നിര്‍‌ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍‌ക്ക് ബുദ്ധിമുട്ടുകൾ സൃഷ്‍ടിക്കുന്നത് തടയുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറയിൽ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോർ വെഹിക്കിൾ വകുപ്പ്, പോലീസ്, ജിഎസ്‍ടി വകുപ്പ് എന്നീവർക്ക് കൈമാറും.

    726 ക്യാമറകളില്‍ 675 ക്യാമറകൾ ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ് ഉപയോഗിക്കുക. അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും അമിതവേഗം കണ്ടുപിടിക്കുന്നതിനു നാല് ഫിക്സഡ് ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാൻ 18 ക്യാമറകളും ഉണ്ടാകും. ഇതിന്റെ ഏകോപനത്തിനായി 14 ജില്ലകളിലും കൺട്രോൾ റൂമുകളും തുറന്നു പ്രവർത്തിക്കും.ക്യാമറകൾ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് അപ്പോൾ തന്നെ മെസേജ് ആയി അറിയിക്കും. അനധികൃത പാർക്കിങ്ങിന് 250 രൂപയാണു കുറഞ്ഞ പിഴ. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരുന്നാൽ 500 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണു പിഴ. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു പിടികൂടിയാൽ 2000 രൂപ പിഴ നൽകണം. ആംബുലൻസ്, ഫയര്‍ സര്‍വീസ് വാഹനങ്ങള്‍, മള്‍ട്ടി കളര്‍ ലൈറ്റുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് വഴി നല്‍കിയില്ലെങ്കില്‍ ക്യാമറകള്‍ പിടികൂടും. അനധികൃത പാര്‍ക്കിംഗിനും കോടതി കയറേണ്ടിവരും. അതായത് പിഴയൊടുക്കി രക്ഷപ്പെടാൻ സാധിക്കില്ല. 

 

 

 

 

NDR News
20 Apr 2023 09:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents