ഇനി യാത്രക്കാർ നിരീക്ഷണത്തിൽ എ.ഐ. ക്യാമറകൾ പ്രവർത്തനം ആരംഭിച്ചു; നിയമ ലംഘനം കണ്ടാലും ഒരു മാസത്തേക്ക് പിഴയില്ല
ആദ്യ ഘട്ടത്തിൽ ബോധവൽകരണം; പിഴ ഈടാക്കുന്നത് മെയ് 20 മുതൽ

കോഴിക്കോട്: ഇനി നിയമലംഘകർക്ക് പേടിയുടെ ദിനങ്ങൾ. സംസ്ഥാനത്തെ റോഡുകളിൽ എ.ഐ. ക്യാമറകൾ മിഴിതുറന്നു. ആദ്യ ഘട്ടത്തിൽ ബോധവൽകരണമാവും ലക്ഷ്യമിടുക. നിയമലംഘനം കണ്ടെത്തിയാലും അടുത്ത മാസം 19 വരെ പിഴ ഈടാക്കില്ല. മെയ് 20 മുതലാകും നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. മെയ് 19 വരെ ബോധവത്ക്കരണ മാസമായിരിക്കുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അടുത്ത മാസം മുതല്‍ ആര്‍.സി. ബുക്കും ഡിജിറ്റലായി മാറുന്നതോടെ ആവര്‍ത്തിക്കുന്ന ഓരോ നിയമലംഘനങ്ങള്‍ക്കും പ്രത്യേക പിഴ ഈടാക്കുന്ന കര്‍ശന നിരീക്ഷണത്തിലേക്ക് കൂടിയാണ് സംസ്ഥാനം കടക്കുന്നത്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള ക്യാമറകള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ച് ഓണ്‍ ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള ഔദ്യോഗികമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സുഗമമായ സഞ്ചാരം ഉറപ്പാക്കാനും നിയമ ലംഘനങ്ങള്‍ കണ്ടെത്താനുമാണ് എ.ഐ. കാമറ സ്ഥാപിക്കുന്നത്. ഇതിലൂടെ വാഹനം തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന വലിയൊരു അളവില്‍ ഒഴിവാക്കാനാകും. നിയമം പാലിക്കാന്‍ ഉള്ളതാണെന്ന ഉത്തമബോധം ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കനത്ത പിഴയാണ് നിയമലംഘനങ്ങള്‍ക്ക് ഈടാക്കുക.