ദേശീയപാത നവീകരണത്തിന്റെ ഭാഗമായി വടകരയിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം
നഗരസഭ ചെയർപേഴ്സന്റെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
വടകര: ദേശീയപാതയുടെ പ്രവൃത്തി അടക്കാതെരു ഭാഗത്ത് ആരംഭിക്കുന്നതിനു മുന്നോടിയായി ഞായറാഴ്ച മുതൽ നഗരത്തിൽ വാഹന നിയന്ത്രണം. നഗരസഭ ചെയർപേഴ്സന്റെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്ഥിരം സമിതി അധ്യക്ഷർ, ഡിവൈഎസ്‌പി, ട്രാഫിക് എസ്ഐ, എസ്ഐ, ആർടിഒ, എൻഎച്ച്എഐ അധികൃതർ എന്നിവർ പങ്കെടുത്തു. ആയഞ്ചേരിയിൽ നിന്നും ടൗണിലേക്ക് വരുന്ന മീഡിയം, ഹെവി വാഹനങ്ങൾ (ബസ്സുകളും ലോറികളും ഉൾപ്പെടെ) ചെറുശ്ശേരി റോഡ് ജങ്‌ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് (വൺവേ) നാഷണൽ ഹൈവേ ക്രോസ് ചെയ്ത് ലിങ്ക് റോഡ് വഴി മുന്നോട്ടു വന്ന് വലത്തോട്ട് തിരിഞ്ഞ് പഴയ ബസ് സ്റ്റാൻഡ് റോഡിൽ പ്രവേശിക്കാം.
വില്യാപ്പള്ളി ഭാഗത്ത് നിന്നും ടൗണിലേക്ക് വരുന്ന വാഹനങ്ങൾ സൂര്യ ടെക്സ്റ്റൈൽസിന് മുന്നിൽ നിന്നും (നട്സ് സ്ട്രീറ്റ്) ഇടത്തേക്ക് തിരിഞ്ഞ് ചെറുശ്ശേരി റോഡ് ജങ്‌ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് (വൺവേ) നാഷണൽ ഹൈവേ ക്രോസ് ചെയ്ത് പഴയ ബസ് സ്റ്റാൻഡ് റോഡിൽ പ്രവേശിക്കാം. അല്ലെങ്കിൽ ടെക്നിക്കൽ സ്കൂളിന് സമീപം ഇടത്തേക്ക് തിരിഞ്ഞ് ചെറുശ്ശേരി റോഡ് ജങ്‌ഷൻ വഴി വൺവേ കയറി നാഷണൽ ഹൈവേ ക്രോസ് ചെയ്ത് ലിങ്ക് റോഡ് വഴി പഴയ ബസ് സ്റ്റാൻഡ് റോഡിൽ പ്രവേശിക്കാം.
ടൗണിൽ നിന്നും വില്യാപ്പള്ളി ആയഞ്ചേരി ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങൾക്കും നിലവിലുള്ള ട്രാഫിക് സംവിധാനത്തിൽ തുടരാം. ചെറു വാഹനങ്ങൾക്ക് നിലവിലുള്ള ട്രാഫിക് സംവിധാനങ്ങൾ തുടരാം. തലശേരി ഭാഗത്തുനിന്നും വടകരയ്ക്ക് വരുന്ന ബസ്സുകൾ ദേശീയപാത വഴി നേരെ മുന്നോട്ടു പോയി ലിങ്ക് റോഡ് ജങ്‌ഷനിലെ താൽക്കാലിക ബസ്‌സ്റ്റോപ്പിൽ ആളെ ഇറക്കിയതിനുശേഷം പുതിയ ബസ് സ്റ്റാൻഡിലേക്ക് പോവണം.

