കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥി മാതൃകയായി
പുലർച്ചെ പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പോകുമ്പോഴാണ് സ്വർണ്ണപ്പാദസരം വീണു കിട്ടിയത്

കൊയിലാണ്ടി: വഴിയരികിൽ വെച്ച് വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകിയ ബാലൻ സത്യസന്ധതയ്ക്ക് മാതൃകയായി . കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് ജെ ക്ലാസ് വിദ്യാർത്ഥി ആതിഷ് ഇബ്രാഹിം ആണ് തനിക്ക് വീണു കിട്ടിയ രണ്ടര പവൻ തൂക്കമുള്ള സ്വർണ്ണ പാദസരം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകിയത്. പുറക്കാട് പാലൊളി സിറാജിന്റെയും, രസ്നയുടെയും മകനാണ് ആദിഷ് .പുലർച്ചെ പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പോകുമ്പോഴാണ് സ്വർണ്ണപ്പാദസരം വീണു കിട്ടിയത്.
കുടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ഇത് റോൾഡ് ഗോൾഡാണെന്ന് പറഞ്ഞ് ഉപേക്ഷിക്കാൻ പറഞ്ഞെങ്കിലും ആദിഷ് തയ്യാറായില്ല.തുടർന്ന് കൂട്ടുകാരെ പറഞ്ഞ് പിന്തിരിപ്പിച്ച ശേഷം പരിശോധിച്ച് സ്വർണ്ണമാണെന്ന് ഉറപ്പിക്കുകയും സമീപത്തെ വീട്ടിൽ ഏൽപ്പിക്കുകയുമായിരുന്നു. ഏകദേശം രണ്ടര പവൻ വരുന്നതായിരുന്നു പാദസരം.
തുടർന്ന് വാട് സ്ആപ് മെസ്സേജിലൂടെ വിവരം അറിയിതിൻറെ അടിസ്ഥാനത്തിൽ, പുറക്കാട് തന്നെയുള്ള മലയിൽ മുഹമ്മദിന്റെ ഭാര്യയുടെതാണ് ആഭരണം എന്ന് കണ്ടെത്തുകയായിരുന്നു. പാദസരം വൈകിട്ട് ഇവരെത്തി ഏറ്റുവാങ്ങി. ആതിഷ് ഇബ്രാഹിമിനെ നാട്ടുകാരും സ്കൂൾ പിടിഎയും പി.ടി.എ.യും അഭിനന്ദിച്ചു.