ഇ-പോസ് സെർവർ തകരാർ പരിഹരിച്ചു; ഇന്ന് മുതൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും
ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനസ്ഥാപിപ്പിക്കാൻ സാധിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം ഇന്ന് മുതൽ പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. ഇ-പോസ് സെർവർ തകരാർ പരിഹരിച്ച സാഹചര്യത്തിൽ കടകൾക്ക് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് നാഷണൽ ഇൻഫോർ മാറ്റിക്സ് സെന്ററാണ് സംസ്ഥാനത്തെ അറിയിച്ചത്. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനസ്ഥാപിപ്പിക്കാൻ സാധിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചതിനു പിന്നാലെയാണ് നടപടി. മൂന്ന് ദിവസമാണ് ഇ-പോസ് സെർവറിൻ്റെ തകരാർ മൂലം റേഷൻ കട അടച്ചിട്ടിരുന്നത്.
ഇന്ന് രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ഏഴ് ജില്ലകളിലുമായാണ് ഇ-പോസ് മുഖേനയുള്ള റേഷൻ വിവതരണം നടത്തുന്നത്. ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് റേഷൻ വിതരണം. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഏഴു മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലുമായിരിക്കും വിതരണം നടക്കുക. മെയ് 3 വരെ ഈ സമയ ക്രമം തുടരും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് അഞ്ച് വരെ ഉണ്ടായിരിക്കുമെന്നും ആറാം തീയതി മുതലായിരിക്കും മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുകയെന്നും മന്ത്രി അറിയിച്ചു.
സെര്‍വര്‍ തകരാര്‍ മൂലം ഇ-പോസ് മെഷീന്‍ മുഖേനയുള്ള റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ നിലവിലെ സെര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എന്‍ഐസി പൂര്‍ത്തിയാക്കി. എൻഐസി ഹൈദരാബാദിന്റെ നിര്‍ദേശ പ്രകാരമാണ് ഡാറ്റാ മൈഗ്രേഷന്‍ നടത്തി. ഇതിനു ശേഷം സ്റ്റേറ്റ് ഐടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തിയിരുന്നു.ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കും. പ്രശ്നങ്ങള്‍ ഉണ്ടായാൽ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

