headerlogo
recents

വന്ദനാദാസ് കൊലപാതകം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തെളിവെടുപ്പ് നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് സംഘം നീങ്ങും

 വന്ദനാദാസ് കൊലപാതകം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
avatar image

NDR News

16 May 2023 06:42 AM

കൊട്ടാരക്കര: ഡോ. വന്ദനാ കൊലക്കേസിൽ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തല ത്തിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിച്ച ശേഷം കസ്റ്റഡി അനുവദിച്ചേക്കും. കനത്ത പൊലീസ് സുരക്ഷയിലായിരിക്കും പ്രതിയെ എത്തിക്കുന്നത്. പ്രതിഷേധം മുന്നിൽ കണ്ട് കോടതിയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തെളിവെടുപ്പ് നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് സംഘം നീങ്ങും. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിനും വിധേയമാക്കും. 

         കൊലപാതകം നടത്താനിടയായ സാഹചര്യങ്ങളും കാരണവുമാണ് പ്രധാനമായും സംഘം തേടുക. തുടർ ദിവസങ്ങളിൽ ആശുപത്രിയിലും കുടവട്ടൂർ ചെറുകരക്കോണത്തും എത്തിച്ചുള്ള തെളിവെടുപ്പ് നടത്തും. വന്ദനാ ദാസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും ഫൊറൻസിക് സർജനിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. മൃതദേഹപരിശോധനാ റിപ്പോർട്ട് വരുംദിവസങ്ങളിൽ സംഘത്തിനു ലഭിക്കും. സന്ദീപിന്റെ മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. കൊല ചെയ്യാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്രിക, സംഭവ സ്ഥലത്തു നിന്നു ലഭിച്ച രക്തത്തുള്ളികൾ എന്നിവയും ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു. ആശുപത്രി ജീവനക്കാരുടെ മൊഴി വീണ്ടുമെടുക്കും. 

       കഴിഞ്ഞ ദിവസമാണ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ നൽകിയത്. കൊട്ടാരക്കര കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. സംഭവ ദിവസത്തെ സിസിടിവി ദ്യശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്കുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. പുലർച്ചെ ആശുപത്രിയിലെത്തിയ സന്ദീപ് വന്ദനാ ദാസിനെ കുത്തി കൊലപ്പെടുത്തുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചത്.

 

 

NDR News
16 May 2023 06:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents