അരിക്കൊമ്പന്റെ സിഗ്നല്‍ കിട്ടുന്നില്ല ; ആശങ്കയില്‍ തമിഴ്‌നാട്
കോതയാറില്‍ നിന്ന് അഗസ്ത്യ വനത്തിലേക്കോ നെയ്യാറിലേക്കോ അരിക്കൊമ്പനെത്തുമോ എന്ന ആശങ്ക തുടരുകയാണ്.
തമിഴ്നാട് :48 മണിക്കൂര്‍ ആയിട്ടും അരിക്കൊമ്പന്‍ എവിടെയെന്ന് വിവരമില്ല. റേഡിയോകോളര്‍ സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് തമിഴ്‌നാട് വനം വകുപ്പ് അനൗദ്യോഗികമായി പറയുന്നത്. കോതയാറില്‍ നിന്ന് അഗസ്ത്യ വനത്തിലേക്കോ നെയ്യാറിലേക്കോ അരിക്കൊമ്പനെത്തുമോ എന്ന ആശങ്ക തുടരുകയാണ്.
തമിഴ്‌നാട്ടിലെ അപ്പര്‍കോതയാര്‍ ഡാമിന് സമീപത്ത് നിന്നാണ് ഏറ്റവും ഒടുവില്‍ അരിക്കൊമ്പന്റെ റേഡിയോ സിഗ്നല്‍ ലഭിച്ചത്. അതിന് ശേഷം 48 മണിക്കൂറായി ആന എവിടെയെന്ന് ഒരു വിവരവുമില്ല. തമിഴ്‌നാട് വനം വകുപ്പോ, കേരള വനം വകുപ്പോ ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ആന ഉള്‍ക്കാട്ടിലേക്ക് പോയിരിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ കോതയാറ് നിന്ന് അഗസ്ത്യ വനത്തിലേക്കോ നെയ്യാര്‍ കാടുകളിലേക്കോ അരിക്കൊമ്പന്‍ നീങ്ങുന്നുണ്ടോ എന്നറിയാനാണ് ഇരുസംസ്ഥാന ങ്ങളിലെയും അതിര്‍ത്തി ഗ്രാമങ്ങള്‍ കാത്തിരിക്കുന്നത്.വിവരങ്ങള്‍ ലഭ്യമല്ലാതായതോടെയാണ് ആശങ്ക കൂടിയത്. പെരിയാര്‍ കടുവാ സങ്കേതത്തിലാണ് കേരള വനം വകുപ്പ് അരിക്കൊമ്പന്റെ നീക്കങ്ങള്‍ റേഡിയോ കോളര്‍ സിഗ്നലിലൂടെ നിരീക്ഷിക്കുന്നത്. ആന കോതയാറിന് സമീപമുണ്ടാകുമെന്ന് മാത്രമാണ് വനം വകുപ്പ് പറയുന്നത്.

